ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുസ്മരണ 2018 പത്മഭൂഷണ്‍ ഗുരു മാധവചാക്യാരുടെ 10-ാം ചരമവാര്‍ഷികമായ് ആചരിക്കുന്നു. ജൂലൈ 1 മുതല്‍ 16 വരെ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തിലെ 217 ശ്ലോകങ്ങളും തുടര്‍ച്ചയായി ഒരരങ്ങില്‍ അവതരിപ്പിക്കുക എന്നതാണ് മഹോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. മധുര രാജധാനി വര്‍ണ്ണന മുതല്‍ സുഭദ്രാഹരണം വരെയുള്ള 217 ശ്ലോകങ്ങള്‍ ഒരരങ്ങില്‍ തുടര്‍ച്ചയായി 16 ദിവസങ്ങളില്‍ ഒട്ടുമിക്ക അഭിനയഭാഗങ്ങളും വിസ്തരിച്ച് അഭിനയിച്ചുകൊണ്ട് അവതരിപ്പിക്കുക എന്നത് നങ്ങ്യാര്‍കൂത്ത് ചരിത്രത്തില്‍ ആദ്യമാണ്.ജൂലൈ 1 -ാം തിയ്യതി വൈകീട്ട് 5 ന് മാധവനാട്യഭൂമിയില്‍ ഗുരുവന്ദനം, പുഷ്പാര്‍ച്ചന, അമ്മന്നൂര്‍ അനുസ്മരണങ്ങള്‍ എന്നിവയില്‍ അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍, വേണുജി, മാര്‍ഗ്ഗി സജീവ് നാരായണചാക്യാര്‍ , മാര്‍ഗ്ഗി മധു ചാക്യാര്‍, മാര്‍ഗ്ഗി രാമന്‍ ചാക്യാര്‍, ഉഷ നങ്യാര്‍, സൂരജ് നമ്പ്യാര്‍, പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍, കപില വേണു, ഡോ. അപര്‍ണ്ണ നങ്യാര്‍, സരിത കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും.തുടര്‍ന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. കൂടിയാട്ട കേന്ദ്ര ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ കണ്ണന്‍, എടനാട് സരോജനി നങ്ങ്യാരമ്മ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഡോ. സി കെ ജയന്തി ഗുരു അമ്മന്നൂര്‍ സ്മാരകപ്രഭാഷണം ‘ നങ്ങ്യാരമ്മകൂത്തിന്റെ സാംസ്‌കാരിക ഭൂമി ‘ എന്ന വിഷയത്തില്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് രാധാമണി നങ്ങ്യാരമ്മ, ദേവി നങ്ങ്യാരമ്മ, ഇന്ദിര നങ്ങ്യാരമ്മ തുടങ്ങിയ കലാകാരികളേ ആദരിക്കും. കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ആശംസ പ്രസംഗം നടത്തും.ശേഷം കീര്‍ത്തി സാഗര്‍ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്ത് പുറപ്പാട് അവതരിപ്പിക്കും. മധുര രാജധാനിയില്‍ നിന്നും സുഭദ്രയുടെ നിര്‍ദേശപ്രകാരം പ്രഭാസ്തീര്‍ത്ഥത്തിലേക്ക് പുറപ്പെടുന്ന കല്പലതികയുടെ മനസ്സിലെ വികാരവിചാരങ്ങളാണ് ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്ത്. നങ്ങ്യാര്‍കൂത്ത് മഹോത്സവം ജൂലൈ 16 ന് അവസാനിക്കും. കെ പി നാരായണ നമ്പ്യാര്‍, സൂരജ് നമ്പ്യാര്‍, സരിതകൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.