Home NEWS ജീവിതത്തോടാണെന്റെ ലഹരി : ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ്

ജീവിതത്തോടാണെന്റെ ലഹരി : ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ്

ഇരിങ്ങാലക്കുട : ലഹരിവിരുദ്ധ സന്ദേശമുണര്‍ത്തി ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിലെ NCC നടത്തിയ ലഹരി വിരുദ്ധ ദിനാഘോഷം ശ്രദ്ധേയമായി. കുരുന്നുകളിലാണ് നന്മയുടെയും ബോധവല്‍ക്കരണത്തിന്റെയും സന്ദേശമെത്തിക്കേണ്ടതെന്നു തിരിച്ചറിഞ്ഞാണ് വിവിധ പരിപാടികള്‍ ഇവര്‍ നടത്തിയത്.ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളില്‍ 5മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുമായി സംവദിച്ച NCC കേഡറ്റുകള്‍ ഒഴിവു സമയങ്ങളില്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കായി അവരെ സജ്ജരാക്കി. വിവിധ പേപ്പര്‍ ക്രാഫ്റ്റ് നിര്‍മ്മാണ വിദ്യകള്‍ പഠിപ്പിച്ച് നിര്‍മ്മാണ സാമഗ്രികളും കുട്ടികള്‍ക്ക് സമ്മാനിച്ചു. പാട്ടും മോണോ ആക്ടും മറ്റും ചെയ്യിപ്പിച്ച് പ്രോത്സാഹനം നല്‍കുകയും ഒഴിവു സമയങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്കായി മാറ്റി വയ്ക്കാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. ഫുട്‌ബോള്‍ കിക്കോഫ് നടത്തി കുട്ടികളില്‍ ലോകകപ്പ് ആവേശം നിറച്ച കേഡറ്റ്‌സ് ആരോഗ്യകരമായ കായിക വിനോദങ്ങളിലേക്കും അവരെ നയിച്ചു. ലഹരിയില്‍ തകര്‍ന്നടിയുന്ന ആരോഗ്യത്തെക്കുറിച്ച് കോളേജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ മേധാവി നയിച്ച ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.തൃശൂര്‍ 7 കേരള ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ H.പദ്മനാഭന്റെ നിര്‍ദ്ദേശ പ്രകാരം അസോസിയേറ്റ് N CC ഓഫീസര്‍ ലഫ്റ്റനന്റ് ലിറ്റി ചാക്കോയാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അണ്ടര്‍ ഓഫീസര്‍ തമീമ ടി.എം, Q M S നേഹ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Exit mobile version