Home NEWS ഇരിങ്ങാലക്കുടയില്‍ കാറ്റും മഴയും തുടരുന്നു:വൈദ്യൂതിബന്ധം പലയിടത്തും പുനസ്ഥാപിക്കാനായില്ല

ഇരിങ്ങാലക്കുടയില്‍ കാറ്റും മഴയും തുടരുന്നു:വൈദ്യൂതിബന്ധം പലയിടത്തും പുനസ്ഥാപിക്കാനായില്ല

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലും പരിസരപ്രദേശത്തും കനത്ത കാറ്റും മഴയും തുടരുന്നു. രണ്ടുദിവസങ്ങളിലായി വിവിധ ഭാഗങ്ങളിലായി 25ഓളം വീടുകള്‍ മരങ്ങള്‍ വീണ് തകര്‍ന്നു. മാടായിക്കോണം, മനവലശ്ശേരി, തൊട്ടിപ്പാള്‍, കാറളം, പറപ്പൂക്കര, കൊറ്റനെല്ലൂര്‍, മുരിയാട്, തെക്കുംകര, ആനന്ദപുരം, കല്ലൂര്‍ വില്ലേജ് ഓഫീസ് പരിധികളിലാണ് വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരുവന്നൂര്‍ തെക്കൂടന്‍ സെന്റ് സാല്‍വിയോസിന്റെ വീടിന് മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണു. ഊരകം പൊഴോലിപറമ്പില്‍ ജോണ്‍സന്റെ വീട്ടിലെ ജാതി, തേക്ക് എന്നിവ ഒടിഞ്ഞുവീണു. അവറാന്‍ ജോര്‍ജ്ജിന്റെ പ്ലാവും തെങ്ങും വീടിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ വീണതിനെ തുടര്‍ന്ന് കാറിന്റെ ഗ്ലാസ് തകര്‍ന്നു. നിരവധി സ്ഥലങ്ങളില്‍ കൃഷിനാശം സംഭവിച്ചു. വെള്ളിയാഴ്ച രാത്രിയിലെ കനത്ത കാറ്റിനെയും മഴയെയും തുടര്‍ന്ന് നിലച്ച വൈദ്യുതി ബന്ധം ഞായറാഴ്ചയും പൂര്‍ണ്ണമായും പുനഃസ്ഥാപ്പിക്കാന്‍ സാധിച്ചിട്ടില്ല. മഴയിലും കാറ്റിലും വളരെയധികം വൈദ്യുതി പോസ്റ്റുകളും കമ്പികളും നശിച്ചതിനാലാണ് പുനഃസ്ഥാപ്പിക്കാന്‍ കാലതാമസം നേരിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടുദിവസമായിട്ടും ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും വൈദ്യൂതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. ഇരിങ്ങാലക്കുട നമ്പര്‍ വണ്‍ സെക്ഷന്റെ കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ 25ഓളം വൈദ്യൂതി കാലുകളാണ് ഒടിഞ്ഞുവീണിരിക്കുന്നത്. അറുപതിലേറെ സ്ഥലത്ത് കമ്പി പൊട്ടി കിടക്കുകയാണ്. നമ്പര്‍ ടൂ സെക്ഷന്റെ പരിധിയില്‍ പത്തോളം വൈദ്യൂതി കാലുകള്‍ ഒടിഞ്ഞുവീണു. അമ്പത് സ്ഥലങ്ങളില്‍ വൈദ്യൂതി കമ്പി പൊട്ടികിടക്കുകയാണ്. ഹെവി ലൈനില്‍ എട്ടിടത്താണ് തകരാറുസംഭവിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പലയിടത്തും ഫീഡറുകള്‍ മാറ്റിയാണ് വൈദ്യൂതി ബന്ധം പുനസ്ഥാപിച്ചിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന കനത്ത മഴയും കാറ്റും വൈദ്യൂതി വിതരണം പുനസ്ഥാപിക്കുന്നതിന് തടസ്സമാകുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ക്രൈസ്റ്റ് ഓഡിറ്റോറിയത്തിന് സമീപമുള്ള മരം സമീപത്തെ ട്രാന്‍സ്ഫോര്‍മറിലേക്ക് വീണ് കമ്പികള്‍ പൊട്ടിയതോടെ നഗരത്തിലെ വൈദ്യൂതി ബന്ധം മണികൂറുകളോളം നിലച്ചു. മഴയും കാറ്റും തുടരുകയാണെങ്കില്‍ വൈദ്യൂതി വിതരണം പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ വൈകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Exit mobile version