Home NEWS നാലമ്പല തീര്‍ത്ഥാടനം; ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യം ഒരുക്കാന്‍ തീരുമാനം

നാലമ്പല തീര്‍ത്ഥാടനം; ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യം ഒരുക്കാന്‍ തീരുമാനം

ഇരിങ്ങാലക്കുട: നാലമ്പല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാന്‍ ക്ഷേത്രം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. അധ്യക്ഷനായിരുന്നു. നാലമ്പല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ കുറവുകള്‍ നികത്തി പരമാവധി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് എം.എല്‍.എ. യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാ ക്ഷേത്രങ്ങളിലും ആരംഭിച്ചീട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. നിപാ രോഗസാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ അമ്പലങ്ങളിലും വാഹന പാര്‍ക്കിങ്ങ് സൗകര്യം മുന്‍കൂട്ടി ഉറപ്പാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി പരമാവധി സൗകര്യം ഒരുക്കണം, ശുചീകരണം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്ല ഇടപെടല്‍ നടത്തണമെന്നും യോഗം തീരുമാനിച്ചു. നാലമ്പല തീര്‍ത്ഥാനടത്തിന് പരസ്യ പ്രചരണം ആകാമെന്നും യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗിസ്, സി.ഐ. സുരേഷ് കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനി, മൂഴിക്കുളം ക്ഷേത്രത്തില്‍ നിന്ന് ജയകുമാര്‍ സി.എഫ്., പായമ്മല്‍ ക്ഷേത്രത്തെ പ്രതിനിധികരിച്ച് നെടുമ്പിള്ളി സതീശന്‍ തിരുമേനി, ദില്ലന്‍ അന്തിക്കോട്, കെ.കെ. മോഹനന്‍, തൃപ്രയാര്‍ ക്ഷേത്രത്തെ പ്രതിനിധികരിച്ച് എം. സ്വര്‍ണലത, കൂടല്‍മാണിക്യം ക്ഷേത്രത്തെ പ്രതിനിധികരിച്ച് മാനേജിങ് കമ്മറ്റി അംഗങ്ങളായ ഭരതന്‍ കണ്ടെങ്കാട്ടില്‍, തന്ത്രി പ്രതിനിധി നെടുമ്പിള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി. ഷൈന്‍, കെ.ജി. സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രറ്റര്‍ എ.എം. സുമ, ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

Exit mobile version