ഇരിങ്ങാലക്കുട: നഗരസഭയും ജീവനക്കാരും കൈകോര്‍ത്തതോടെ ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി. നമ്പര്‍ ടു സെക്ഷന്‍ ഗാന്ധിഗ്രാം ഓഫീസിന് പുനര്‍ജ്ജന്മം. വര്‍ഷങ്ങളായി അറ്റകുറ്റപണികളില്ലാതെ കിടന്നിരുന്ന സെക്ഷന്‍ ഓഫീസ് കെട്ടിടമാണ് നഗരസഭയും സെക്ഷന്‍ ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് നവീകരിച്ചത്. ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് സെക്ഷന്‍ ഓഫീസിന്റെ അറ്റകുറ്റപണികള്‍ നടത്താന്‍ നഗരസഭ തുക അനുവദിച്ചത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഫ്ളോര്‍ ടൈലിങ്ങും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി രണ്ട് ബാത്ത് റൂമുകളും നവീകരിക്കാനാണ് നഗരസഭ തുക അനുവദിച്ച് നല്‍കിയത്. മേല്‍ക്കൂരയും ടൈലിങ്ങും പൂര്‍ത്തിയായതോടെ ഓഫീസിലെ ജീവനക്കാര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ പഴയ സീലിങ്ങും വയറിങ്ങും മാറ്റി. പെയിന്റ് ചെയ്ത് കെട്ടിടത്തിന്റെ മോടികൂട്ടി നവീകരിച്ചു. രണ്ടരമാസത്തോളം സമയമെടുത്താണ് കെട്ടിടത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതില്‍ ഒരുമാസത്തോളം കെട്ടിടത്തിന് പുറത്തിരുന്നായിരുന്നു ജീവനക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അസി. എഞ്ചിനിയര്‍ സുധീപ്. എസ്സിന്റെ നേതൃത്വത്തില്‍ എല്ലാ ജീവനക്കാരുടെ കൂട്ടായ്മയിലായിരുന്നു ഓഫീസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ബാത്ത്റൂമുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അസി. എഞ്ചിനിയര്‍ സുധീപ് പറഞ്ഞു. കെട്ടിടവും മറ്റുസൗകര്യങ്ങളും നവീകരിച്ചെങ്കിലും കുടിവെള്ളത്തിനായി ഇപ്പോഴും വാട്ടര്‍ അതോററ്റിയെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ടുതവണയാണ് വെള്ളം ലഭിക്കുന്നത്. ഈ കെട്ടിടത്തിലെ ടോയ്ലറ്റുകളാണ് ഗാന്ധിഗ്രാം ഗ്രൗണ്ടില്‍ പരിശീലനത്തിനും ടെസ്റ്റിനുമായി എത്തുന്ന സ്ത്രീകള്‍ ഉപയോഗിച്ചുവരുന്നത്. ഒരു കിണര്‍ കുത്തുകയും ഈ കോമ്പൗണ്ടില്‍ തന്നെ ഗ്രൗണ്ടിലേക്ക് മുഖം തിരിച്ച് നില്‍ക്കുന്ന രീതിയില്‍ പരിശീലനത്തിനെത്തുന്നവര്‍ക്കായി ബാത്ത്റൂമുകള്‍ നിര്‍മ്മിച്ചുനല്‍കിയാല്‍ വളരെയേറെ ഉപയോഗപ്രദമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തുള്ള കെ.എസ്.ഇ.ബി എഞ്ചിനിയറിംഗ് വിഭാഗം പ്രവര്‍ത്തിക്കുന്ന മുനിസിപ്പല്‍ കെട്ടിടത്തിന് വര്‍ഷങ്ങളായി ഫിറ്റ്നസ്സില്ല. നമ്പര്‍ ടൂ സെക്ഷന്‍ ഓഫീസിന്റെ സ്റ്റോര്‍ റൂമും, ജീവനക്കാരുടെ വിശ്രമമുറിയും ഈ കെട്ടിടത്തിലുള്ളത്. ഫിറ്റ്നസ്സില്ലാതെ നില്‍ക്കുന്ന ഈ കെട്ടിടം പുനര്‍നിര്‍മ്മിക്കുകയോ, മേല്‍ക്കൂരയും മുറികളുടെ ചുമരുകളും പൊളിച്ചുനീക്കി ഹാളാക്കി മാറ്റി തരുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അസി. എഞ്ചിനിയര്‍ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികളാണ് ഇവിടെ ഉള്ളത്. അതിനാല്‍ സുരക്ഷയ്ക്കായി ചുറ്റുമതില്‍ നിര്‍മ്മിക്കണമെന്നും നഗരസഭയോട് ആവശ്യപ്പെട്ടീട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.