വെള്ളാങ്ങല്ലൂര്: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മനയ്ക്കലപ്പടി നിവാസി കാളിദാസ് എന്ന കൊച്ചു കഥാകാരന് പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഭീമാഭട്ടരുടെ സ്മരണാര്‍ഥം ആലപ്പുഴ ചൈതന്യ ഏര്‍പ്പെടുത്തിയ സ്വാതി കിരണ്‍ സ്മാരക അവാര്‍ഡ് കാളിദാസിന് ലഭിച്ചിരുന്നു. ഈ നേട്ടത്തിന് ശേഷം ലഭിക്കുന്ന പ്ലസ്‌ടു ഉന്നതവിജയത്തിന് മാധുര്യമേറെയാണ്. എസ്.എസ്.എല്‍.സി. പരീക്ഷക്കും മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. തുടര്‍ന്ന് നടവരമ്പ് ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് എടുത്താണ് കാളിദാസ് പഠിച്ചത്. പഠനത്തോടൊപ്പം
കലാ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും കാളിദാസ് സമയം കണ്ടെത്തുന്നുണ്ട്. നിലവില്‍ ബാലസംഘം മാള ഏരിയ കമ്മിറ്റി സെക്രട്ടറിയാണ് കാളിദാസ്. 2016 ഫെബ്രുവരിയില്‍ നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും ഇരിങ്ങാലക്കുട റോട്ടറി ക്ളബ്ബും സഹകരിച്ചാണ് ‘ഒരു ഓര്‍മപ്പെടുത്തല്‍’ പുസ്തകമായി പ്രസിദ്ധീകരിച്ചത്. ‘മഴ’ എന്ന ചെറുകഥയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ബാലസംഘം വേനല്‍ത്തുമ്പി കലാജാഥയില്‍ കാളിദാസ് അംഗമായിരുന്നു. വെള്ളാങ്ങല്ലൂരിലെ സംഘഗാഥ നാടക കൂട്ടായ്മയിലെ അംഗമാണ്. തെണ്ടന്‍, ആള്‍ക്കുരങ്ങ്, സൂര്യകാന്തി ചുവന്നപ്പോള്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വെള്ളാങ്ങല്ലൂര്‍ ഹാഷ്മി കലാവേദിയുടെ ‘വിദ്വാന്‍ പി കേളുനായര്‍’, ‘ഉള്ളാള്‍’ എന്നീ നാടകങ്ങളിലും അഭിനയിച്ചു. ‘നൂറ് സിംഹാസനങ്ങള്‍’ എന്ന നാടകത്തില്‍ അഭിനയിച്ചു വരുന്നു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സി.പി.എം ലോക്കല്‍കമ്മിറ്റി അംഗവുമായ സര്‍വ്വോപരി നല്ലൊരു കഥാകാരനും സാംസ്കാരിക പ്രവര്‍ത്തകനും കൂടിയായ എം.കെ.മോഹനന്റെയും സി.പി.എം.അംഗവും നീതി മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയുമായ ബിന്ദുവിന്റേയും മകനാണ്. സഹോദരന്‍ കൃപാദാസ് നടവരമ്പ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.