ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ടയ്ക്കായി സംഗമേശന് ഞായറാഴ്ച കൂടല്‍മാണിക്യം ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നള്ളി. രാത്രി 8.15ന് ക്ഷേത്രത്തിലെ മൂന്നുപ്രദക്ഷിണത്തിനുശേഷം കൊടിമരചുവട്ടില്‍ പാണികൊട്ടിയാണ് ഭഗവാന് പുറത്തേയ്ക്ക് എഴുന്നള്ളിയത്.സംഗമേശ്വന്റെ ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിയപ്പോള്‍ സര്‍ക്കാരിന്റെ ആദരമായി ഇരിങ്ങാലക്കുട പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ആളുകളെ മാറ്റി ഭഗവാന് വഴിയൊരുക്കാന്‍ ഒരാന മുന്നില്‍ പോയി. പിന്നാലെ കിഴക്കേ ഗോപുരദ്വാരത്തിലും ഗോപുരത്തോട് ചേര്‍ന്നുള്ള ആല്‍മരത്തിന്റെ തറയിലും ഹവിസ് തൂകി തന്ത്രിയും, പരികര്‍മ്മികളും മറ്റും പരിവാരസമേതം ആല്‍ത്തറയ്ക്കലേയ്ക്ക് നടന്നു. അതിനുപിന്നാലെയാണ് അഞ്ച് ആനകളോടെ ഭഗവാന് എഴുന്നള്ളുന്നള്ളിയത്. നിശബ്ദമായിട്ടാണ് ഭഗവാന്റെ എഴുന്നള്ളത്ത്.ആല്‍ത്തറയ്ക്കല്‍ എത്തി ബലി തൂകിയശേഷം ആല്‍ത്തറയ്ക്കല്‍ ഒരുക്കിവെച്ചിരുന്ന പന്നികോലത്തില്‍ അമ്പെയ്തു.പാരമ്പര്യ അവകാശികളായ മുളയത്ത് വീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ 84 വയസ്സുള്ള നാരായണന്‍കുട്ടി നായരാണ് അമ്പെയ്ത് വിഴ്ത്തിയത്. 35-ാമത്തെ വര്‍ഷമാണ് നാരായണന് നായര്‍ ഭഗവാന് വേണ്ടി പള്ളിവേട്ട നടത്തുന്നത്. കൊറ്റയില്‍ രാമചന്ദ്രന് സഹായിയായി. പോട്ടയിലുള്ള കൂടല്‍മാണിക്യം ദേവസ്വം പാട്ടപ്രവര്‍ത്തിയുമായുള്ള പൂര്‍വ്വീക ബന്ധമാണ് മുളയത്ത് തറവാട്ടുകാര്‍ക്ക് ഭഗവാനുവേണ്ടി പള്ളിവേട്ട നടത്താന്‍ അവകാശം ലഭിക്കാന്‍ കാരണം. ഒരാഴ്ച വ്രതംനോറ്റ് പാരമ്പര്യമായി പകര്‍ന്നുകിട്ടിയ രഹസ്യകൂട്ടുകള്‍ കൊണ്ടുണ്ടാക്കിയ പന്നിയെയാണ് നായര്‍ അമ്പെയ്ത് വീഴ്ത്തുന്നത്. അമ്പെയ്ത ശേഷം കൊറ്റയില്‍ തറവാട്ടിലെ പ്രതിനിധി പന്നിയുടെ രൂപം തലയില്‍ വെച്ച് ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചു. പള്ളിവേട്ടയ്ക്ക് ശേഷം അഞ്ച് ആനകളെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാന് തിരിച്ചെഴുന്നള്ളി. കുട്ടംകുളങ്ങര അര്ജ്ജുനന് തിടമ്പേറ്റി.കുട്ടംകുളം പന്തലില്‍ പഞ്ചവാദ്യം അവസാനിച്ച് ചെമ്പട വകകൊട്ടി പാണ്ടിമേളം ആരംഭിക്കും. ക്ഷേത്രനടയ്ക്കല്‍ മേളം അവസാനിച്ചശേഷം ത്യപുടകൊട്ടി ഭഗവാന് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിക്കും. പഞ്ചാരിയോടെ ഒരു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി തുടര്‍ന്ന് ഇടയ്ക്കയില്‍ മറ്റു പ്രദക്ഷിണം പൂര്‍ത്തിയാക്കും. തുടര്‍ന്ന് തിടമ്പ് അകത്തേയ്ക്ക് നയിച്ച് പൂജയ്ക്ക് ശേഷം ക്രീയാ ബാഹുല്യം നിറഞ്ഞ പള്ളിക്കുറിപ്പ് ചടങ്ങ് നടക്കും. നായാട്ട് കഴിഞ്ഞ് ക്ഷിണിതനായ ഭഗവാന് വിശ്രമിക്കുന്ന സന്ദര്‍ഭമാണ് പള്ളികുറിപ്പ്.തിങ്കളാഴ്ച്ച രാവിലെ 8.30 തോടെ ആറാട്ടിനായി ഭഗവാന് പുറത്തേയ്ക്ക് എഴുന്നള്ളും ചാലക്കുടി കൂടപുഴയിലെ ആറാട്ടുകടവില്‍ ആറാട്ട് നടക്കും.+