Home NEWS പറപ്പൂക്കര ഇരട്ടകൊലപാതകം : 1 മുതല്‍ 5 വരെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 20 വര്‍ഷം...

പറപ്പൂക്കര ഇരട്ടകൊലപാതകം : 1 മുതല്‍ 5 വരെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 20 വര്‍ഷം കഠിന തടവിനും വിധിച്ചു.

ഇരിങ്ങാലക്കുട: പറപ്പൂക്കര ഇരട്ടക്കൊലപാതക കേസില്‍ ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളെ കുറ്റക്കാരാണെന്ന കണ്ടെത്തിയ ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 20 വര്‍ഷം കഠിന തടവിനും വിധിച്ചു.ആനന്ദപുരം വള്ളിവട്ടത്ത് രജീഷ് എന്ന മക്കു(33), പറപ്പൂക്കര ജൂബിലി നഗറില്‍ ചെറുവാള്‍ മരാശ്ശരി വീട്ടില്‍ ശരത്ത് എന്ന ശരവണന്‍ (32), നെടുമ്പാള്‍ മൂത്തേടത്ത് വീട്ടില്‍ സന്തോഷ് എന്ന കൊങ്കന്‍ സന്തോഷ് (37), ആനന്ദപുരം കൈപ്പഞ്ചേരി വീട്ടില്‍ ഷിനു (28), ആനന്ദപുരം വള്ളിവട്ടത്ത് രഞ്ജു (35) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.കൊലപാതക കുറ്റത്തിന് ഇരട്ടജീവപര്യന്തവും വധശ്രമത്തിന് 20 വര്‍ഷം കഠിനതടവും 75000 രൂപ വീതം പിഴയുമാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാര്‍ വിധിച്ചത്.പിഴ സംഖ്യയില്‍ 1 ലക്ഷം രൂപ വിതം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വിധിയില്‍ പറയുന്നു.2015 ഡിസംബര്‍ 25നാണ് സംഭവം. പരാതിക്കാരനായ പറപ്പൂക്കര നന്തിക്കര മേനാച്ചേരി വീട്ടില്‍ തിമോത്തി മകന്‍ മിഥു (25) ന്റെ ഭാര്യയെ രണ്ടാംപ്രതി കളിയാക്കിയതും മുണ്ടുപൊക്കി കാണിച്ചതും പരാതിക്കാരന്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് സംഭവത്തിന് കാരണം. അന്നേദിവസം പ്രതികള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് പരാതിക്കാരന്‍രെ പറപ്പൂക്കരയിലുള്ള വാടകവീടിന് സമീപം റോഡില്‍ ചെന്നു. വൈകീട്ട് അഞ്ചിന് മൂന്നാംപ്രതി പരാതിക്കാരന്റെ വാടകവീട്ടിലേക്ക് വന്ന് ക്രിസ്തുമസ്സ് ആഘോഷിക്കുകയായിരുന്ന മിഥുനേയും കൂട്ടുകാരായ മെല്‍വിന്‍, ജിത്തുഎന്ന വിശ്വജിത്ത്, ശ്രീജിത്ത്, പ്രശാന്ത് എന്നിവരെ രണ്ടാം പ്രതിയുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് റോഡിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ഒന്നാംപ്രതി കൈവശം വച്ചിരുന്ന വാള്‍ കൊണ്ട് ശ്രീജിത്തിനെ വെട്ടിയും തടായന്‍ ചെന്ന മിഥുനെ നാലാം പ്രതി വാള്‍ കൊണ്ട് വെട്ടിയും രണ്ടാം പ്രതി ജിത്തുവിന്റെ തലയിലും കാലിലും അഞ്ചാം പ്രതി കമ്പിവടി കൊണ്ട് മെല്‍വിനേയും ജിത്തുവിനേയും അടിക്കുകയും ചെയ്തു. മൂന്നാംപ്രതി മെല്‍വിനെ വെട്ടി, അഞ്ചാംപ്രതി പ്രശാന്തിനെ കൈ കൊണ്ടിടിച്ചും മറ്റും ദേഹോപദ്രവമേല്‍പ്പിച്ചു. ആമ്പല്ലൂര്‍ വരാക്കര ദേശത്ത് രായപ്പന്‍ വീട്ടില്‍ കൊച്ചപ്പന്റെ മകന്‍ മെല്‍വിന്‍ (35), മുരിയാട് പനിയാറ വീട്ടില്‍ വിശ്വനാഥന്റെ മകന്‍ ജിത്തു എന്ന വിശ്വജിത്ത് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നതിനായി കേസ് 26ലേക്ക് മാറ്റി. സംഭവത്തില്‍ മെല്‍വിനും വിശ്വജിത്തും കൊല്ലപ്പെടുകയും മിഥുന്റെ ഇടതുകൈമുട്ടിലും ഇടതുകൈതണ്ടയിലും വലതുകാല്‍ മുട്ടിലും ശ്രീജിത്തിന്റെ തണ്ടലിനും വലതുകൈ മസിലിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതുക്കാട് പോലീസ് ഇന്‍സ്പക്ടര്‍മാരായിരുന്ന എന്‍. മുരളീധരന്‍, കെ.എന്‍. ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 27 സാക്ഷികളെ വിസ്തരിക്കുകയും 51 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പബ്ലിക്ക പ്രോസിക്യൂഷന് വേണ്ടി കെ ഡി ബാബു,പി ജെ ജോബി,ശ്രീജിത്ത്,ബാബു കോട്ടക്കല്‍,ജിഷ ജോബി,എബില്‍ ഗോപുരന്‍ എന്നിവരെ ഹാജരായി.

 

Exit mobile version