ഇരിങ്ങാലക്കുട: ചിട്ടി തട്ടിപ്പിലൂടെ പിടിച്ചുവെച്ച ആധാരങ്ങള്‍ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തിനൊരുങ്ങുന്നു. മതിലകം, മൂന്നുപീടിക ഭാഗങ്ങളില്‍ 15 ദിവസത്തിനകം ലോണ്‍ എടുത്തുനല്‍കുമെന്ന് പരസ്യം നല്‍കി ആധാരങ്ങള്‍ ഈടുവെപ്പിച്ച് ചളിങ്ങാടുള്ള സുലൈമാനെന്നയാളും അഞ്ചോളം ചിട്ടികമ്പനികളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് തട്ടിപ്പിനിരയായവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇരിങ്ങാലക്കുടയിലും തൃശ്ശൂരിലുമുള്ള കുറി കമ്പനികളാണ് തട്ടിപ്പിന് പിറകിലെന്നും അവര്‍ വ്യക്തമാക്കി. സംഭവം നടന്ന് ഒമ്പത് വര്‍ഷം കഴിഞ്ഞെങ്കിലും തട്ടിച്ചെടുത്ത ആധാരങ്ങള്‍ തിരിച്ചുനല്‍കുന്നില്ലെന്ന് മത്രമല്ല, തങ്ങളുടെ വസ്തുവിന്റെ ഈടിലെടുത്ത ഭീമമായ കടബാധ്യതയുടെ പേരില്‍ ചിട്ടികമ്പനികള്‍ വ്യവഹാരങ്ങള്‍ നല്‍കി വസ്തു ജപ്തി ചെയ്യാനുള്ള നീക്കമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒളിവിലായിരുന്ന സുലൈമാനെ തട്ടിപ്പിനിരയായവര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ചെങ്കിലും ചിട്ടികമ്പനികളെ പ്രതികളാക്കാതെ ദുര്‍ബലമായ ചാര്‍ജ്ജാണ് പോലീസ് കോടതിയില്‍ കൊടുത്തിരിക്കുന്നത്. കുറ്റവിചാരണ നടന്നാലും പ്രതി രക്ഷപ്പെടണമെന്ന മുന്‍ധാരണയോടെയാണ് പോലീസ് കോടതിയില്‍ ചാര്‍ജ്ജ് നല്‍കിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. കൂലിപ്പണിക്കാരും ഓട്ടോ ഡ്രൈവര്‍മാരുമായിട്ടുള്ള സാധാരണ കുടുംബങ്ങളാണ് തട്ടിപ്പിനിരയായിരിക്കുന്നത്. ഒന്നും രണ്ടും ലക്ഷം രൂപ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്ക് നല്‍കി പത്തും പതിനെട്ടും ലക്ഷം രൂപവരെയുള്ള സംഖ്യയാണ് സുലൈമാനെ മുന്‍നിറുത്തി മാഫിയ തട്ടിയെടുത്തിരിക്കുന്നത്. അതിനാല്‍ തട്ടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ ആവശ്യപ്പെട്ടും തങ്ങളെ കടബാധ്യതകളില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ബ്ലേഡ് ബാങ്ക് ചിട്ടി ചൂഷണത്തിനെതിരായ സമരസമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്. കാളമുറിയില്‍ നടക്കുന്ന സമരം രാവിലെ പത്തിന് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകയായ പ്രൊഫ. കുസുമം ജോസഫ് മുഖ്യപ്രഭാഷണം നടത്തും. മുഖ്യമന്ത്രി ഇടപെട്ട് തട്ടിപ്പ് സംഘങ്ങളെ സഹായിക്കുന്ന വിചാരണ കേസുകള്‍ മരവിപ്പിച്ച് ചിട്ടി കമ്പനികളെ കൂടി പ്രതികളാക്കി കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സമിതി ഭാരവാഹികളായ കെ.കെ. ഉസ്മാന്‍, പി.എ. കുട്ടപ്പന്‍, പി.ജെ. മാനുവല്‍, വി.സി. ജന്നി, ജമീല തുടങ്ങിയവര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.