ഇരിങ്ങാലക്കുട: നാദോപാസന സംഗീതസഭ നാലുദിവസങ്ങളിലായി ഇരിങ്ങാലക്കുടയില്‍ നടത്തുന്ന സ്വാതി തിരുന്നാള്‍ സംഗീതനൃത്തോത്സവത്തിന് തുടക്കമായി. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കെനടയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന പരിപാടി പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നാദോപാസന പ്രസിഡന്റ് കൃഷ്ണന്‍കുട്ടി മാരാര്‍ അധ്യക്ഷനായിരുന്നു. കുടമാളൂര്‍ ജനാര്‍ദ്ദനന്‍ മുഖ്യപ്രഭാഷണം നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, അന്നമനട പരമേശ്വര മാരാര്‍, എന്‍. രാമദാസ്, നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. നാദോപാസനയും ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി ട്രസ്റ്റും ചേര്‍ന്ന് നടത്തിയ അഖിലേന്ത്യ കര്‍ണ്ണാടക സംഗീത മത്സരവിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി പുരസ്‌ക്കാരം ഡോ. കെ.എന്‍. രംഗനാഥ ശര്‍മ്മയ്ക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് കുടമാളൂര്‍ ജനാര്‍ദ്ദനന്റെ പുല്ലാങ്കൂഴല്‍ കച്ചേരി അരങ്ങേറി. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള പ്രശസ്തര്‍ പങ്കെടുക്കുന്ന സംഗീതകച്ചേരി, വാദ്യസമന്വയം, മോഹനഘടനാദം, തബലതരംഗ്, ഭരതനാട്യം, തിരുവാതിരക്കളി എന്നിവ നാലുദിവസങ്ങളിലായി അരങ്ങേറും. കേന്ദ്ര- സംസ്ഥാന സാംസ്‌ക്കാരിക വകുപ്പുകളുടേയും ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റേയും സഹകരണത്തോടെയാണ് സംഗീത നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.