ഇരിങ്ങാലക്കുട: അപകടങ്ങളില്‍ തകര്‍ന്ന വാഹനങ്ങളുടെ എഞ്ചിന്‍ നമ്പറും ചേസസ് നമ്പറും ഉപയോഗിച്ച് മോഷ്ടിച്ച വാഹനങ്ങളില്‍ കൃത്രിമം നടത്തി വില്‍പ്പന നടത്തിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. കേസില്‍ രണ്ടാം പ്രതിയായ പോട്ട സ്വദേശി ചൂനാട്ടുശ്ശേരിയില്‍ വീട്ടില്‍ ഷിബു ഡേവീസ് (43)നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മോഷണവസ്തു ഒളിപ്പിച്ച കുറ്റത്തിന് രണ്ട് വര്‍ഷം തടവിനും 10,000 രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. വിവിധ അപകടങ്ങളില്‍ പൂര്‍ണ്ണമായി തകര്‍ന്ന വാഹനങ്ങള്‍ വിലക്ക് വാങ്ങി അത്തരം വാഹനങ്ങളുടെ എഞ്ചിന്‍ നമ്പറും ചേസസ് നമ്പറും ഉപയോഗിച്ച് മോഷ്ടിച്ചുകൊണ്ടുവരുന്ന വാഹനങ്ങളില്‍ കൃത്രിമമായി ഘടിപ്പിച്ചായിരുന്നു വില്‍പ്പന. കേസിലെ പ്രധാനപ്രതികളായ വാഹനമോഷണ സംഘത്തിന് നേതൃത്വം നല്‍കിയ വരന്തരപ്പിള്ളി സ്വദേശി ഷിബി, മലപ്പുറം സ്വദേശി മിഥുന്‍ എന്നിവര്‍ പൂനെയില്‍ വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. അപ്രകാരം മോഷ്ടിച്ചുകൊണ്ടുവന്ന വാഹനങ്ങള്‍ കൃത്രിമം ചെയ്ത് വില്‍പ്പന നടത്തിയെന്നാണ് രണ്ടാം പ്രതിയായ ഷിബു ഡേവീസിനെതിരെയുള്ള ആരോപണം. പുതുക്കാട് പോലിസ് എസ്.ഐ.മാരായിരുന്ന എസ്. ഷംസുദ്ദിന്‍, എം. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.