Home NEWS ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന ഭൂമിയ്ക്ക് പട്ടയം : ബി. ജെ. പി.യ്ക്ക് വിയോജിപ്പ്

ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന ഭൂമിയ്ക്ക് പട്ടയം : ബി. ജെ. പി.യ്ക്ക് വിയോജിപ്പ്

ഇരിങ്ങാലക്കുട : ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന അറുപത്തിയാറര സെന്റ് പുറംമ്പോക്ക് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് ഭൂമി റവന്യു വകുപ്പില്‍ പുനര്‍ നിക്ഷിപ്തമാക്കുന്ന അജണ്ട ബി. ജെ. പി. അംഗങ്ങളുടെ വിയോജിപ്പോടെയാണ് പാസ്സാക്കിയത്. ഭൂമി പുറംമ്പോക്ക് ഭൂമിയല്ലെന്നും ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഭൂമിയാണന്നും ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. ദേവസ്വം ഭൂമി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുമ്പോള്‍ ഭൂമി നഷ്ടപ്പെടുത്തുന്ന നടപടി ഉണ്ടാകരുതെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. റവന്യു വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചാണ് കലാനിലയം പുറംമ്പോക്ക്് ഭൂമിയാണന്ന് പറഞ്ഞിട്ടുള്ളതെന്നും സന്തോഷ് ബോബന്‍ ആരോപിച്ചു. കലാനിലയത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ഫണ്ടുകള്‍ ലഭിക്കുന്നതിന് പട്ടയം ആവശ്യമായ സാഹചര്യത്തിലാണ് പട്ടയം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് എല്‍ ഡി എ് അംഗം പി. വി. ശിവകുമാര്‍ ചൂണ്ടിക്കാട്ടി. വികസനപ്രവര്‍തത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന നിലപാട് എടുക്കരുതെന്നും പി. വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. എം. പി. യുടെ പ്രാദേശിക വികസന ഫണ്ട്് ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട്് അനുവദിക്കണമെങ്കില്‍ ഉടമസ്ഥതാവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണന്നും ഈ സാഹചര്യത്തിലാണ് പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും യു. ഡി. എഫ്. അംഗം സോണിയ ഗിരി പറഞ്ഞു. തുടര്‍ന്ന് ബി. ജെ. പി. അംഗങ്ങളുടെ വിയോജിപ്പോടെയാണ് അജണ്ട പാസ്സാക്കിയത്. എല്‍. ഡി. എഫ്. അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അജണ്ട മാറ്റി വച്ചു. 2013-2014 മുതല്‍ 2016-2017 വരെയുളള നാലു വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടാണ് വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്കായി രണ്ടു അജണ്ടകളായി വന്നത്. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ലഭിച്ച് ഒരു മാസത്തിനകം കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും റിപ്പോര്‍ട്ട് ലഭിച്ച് നാലു മാസത്തിനു ശേഷം കൗണ്‍സില്‍ യോഗത്തില്‍ വച്ചതിനെ എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ വിമര്‍ശിച്ചു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്നും പി. വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങള്‍ ഈ ആവശ്യത്തോടു യോജിച്ചതോടെ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് തങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലെന്നും അജണ്ട മാറ്റി വയ്ക്കുവാന്‍ തയ്യാറണന്നും അറിയിക്കുകയായിരുന്നു. ഇതോടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുവാന്‍ അടുത്ത മാസം ആദ്യം പ്രത്യേക കൗണ്‍സില്‍ യോഗം ചേരാമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു.

Exit mobile version