Home NEWS ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മിച്ച കെട്ടിടത്തിന്റെ പണി പാതിവഴിയില്‍

ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മിച്ച കെട്ടിടത്തിന്റെ പണി പാതിവഴിയില്‍

ഇരിങ്ങാലക്കുട: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാതെ ഉപയോഗശൂന്യം. ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടിലാണു ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മറ്റു കുട്ടികള്‍ക്കൊപ്പം ക്ലാസ് മുറികളിലിരുന്നു പഠിക്കാന്‍ സാധിക്കാത്തവരും സ്‌കൂള്‍ പഠനം നടത്താന്‍ സാധിക്കാത്ത പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെയുമാണ് ഇവിടെ പരിശീലിപ്പിച്ചിരുന്നത്. ഇത്തരക്കാര്‍ക്കുള്ള വിദ്യാഭ്യാസ ജില്ലയിലെ ഏക സ്ഥാപനമാണിത്. വിദ്യാര്‍ഥികളെ പഠനാഭിരുചി വളര്‍ത്തിയെടുക്കുന്നതിനായി വിവിധ മേഖലകളില്‍ പരിശീലനം നല്‍കുവാനാണു ഉദ്ദേശ്യം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ജില്ലാ വിദ്യഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 48 ലക്ഷം രൂപ ചിലവു വരുന്ന പദ്ധതിയാണിത്. 2012 ല്‍ 12 ലക്ഷം രൂപ നല്‍കി ആരംഭിച്ച കെട്ടിടത്തിന്റെ പണി ആറു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാനായിട്ടില്ല. നല്‍കിയ തുകയുസരിച്ചുള്ള പണികളെല്ലാം പൂര്‍ത്തിയായതായി കാണിച്ച് 2016 ല്‍ ജില്ലാ വിദ്യഭ്യാസ വകുപ്പധികൃതര്‍ക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കത്ത് നല്‍കിയിട്ടുണ്ട്. ചുറ്റുമതില്‍ നിര്‍മാണം, വയറിംഗ്, പ്ലബിംഗ്, ടെല്‍സ് വിരിക്കല്‍ തുടങ്ങിയ പണികളാണ് പൂര്‍ത്തികരിക്കുവാനുള്ളത്. അനുവദിച്ച തുക കഴിഞ്ഞുവെന്നതിനാല്‍ ഇനി ആറു ലക്ഷം രൂപ ലഭിച്ചാല്‍ മാത്രമെ കെട്ടിടത്തിന്റെ പണി മുഴുവനായും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. ഏറെ ആശാസ്ത്രീയമായ രീതിയിലാണു ഈ കെട്ടിടത്തിന്റെ നിര്‍മാണം നടന്നത്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ഈ കെട്ടിടം നിര്‍മിച്ചതാകട്ടെ സ്‌കൂള്‍ കോമ്പൗണ്ടിന്റെ ഏറ്റവും പുറകില്‍. ഇവിടത്തേക്ക് വൈകല്യമുള്ള കൂട്ടികള്‍ എങ്ങനെ എത്തിചേരും എന്നുള്ളതിനെ കുറിച്ചും വ്യക്തതയില്ല. കോമ്പൗണ്ടിന്റെ മുന്‍ഭാഗത്ത് സ്ഥലമുണ്ടായിരുന്നിട്ടും ഈ കെട്ടിടം ഇവിടെ നിര്‍മിച്ചത് ഇത്തരം കുട്ടികളോടുള്ള അവഗണയാണു വ്യക്തമാക്കുന്നത്. 15 കുട്ടികളെ ഒരെ സമയം പഠിപ്പിക്കാനുള്ള സംവിധാനമാണു ഇവിടെ ഒരുക്കിയിട്ടുള്ളത്. ആറു ലക്ഷം രൂപ കൂടി അനുവദിച്ചാല്‍ മാത്രമേ കെട്ടിടത്തിന്റെ പണി പൂര്‍ത്തികരിക്കാനാകൂ. കെട്ടിടത്തിന്റെ പലഭാഗങ്ങളിലും വിള്ളലുകളും ചിതലും വന്നു തുടങ്ങിയിട്ടുണ്ട്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഏറെ ഉപരകാരപ്രദമാകേണ്ട ഈ പദ്ധതിയാണ് അധികൃതരുടെ ഉദാസീനതമൂലം നിലച്ച നിലയിലായത്.

Exit mobile version