Home NEWS മുരിയാട് കോള്‍നില ഉല്‍പാദനക്ഷമത ഗവേഷണകേന്ദ്രം ഉദ്ഘാടനത്തിലൊതുങ്ങി

മുരിയാട് കോള്‍നില ഉല്‍പാദനക്ഷമത ഗവേഷണകേന്ദ്രം ഉദ്ഘാടനത്തിലൊതുങ്ങി

ഇരിങ്ങാലക്കുട : കോള്‍ നിലങ്ങളുടെ വികസനം ലക്ഷ്യമാക്കി മുരിയാട് പഞ്ചായത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച കോള്‍നില ഉല്‍പാദനക്ഷമത ഗവേഷണകേന്ദ്രം ഉദ്ഘാടനത്തിലൊതുങ്ങി. ജില്ലയിലെ അഞ്ച് കോള്‍ നിലങ്ങളുടെ വികസനത്തിനായിട്ടുള്ള ഗവേഷണപ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ എന്ന നിലയിലാണ് മുരിയാട് കൃഷിഭവന്‍ കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ഗവേഷണ കേന്ദ്രം ആരംഭിച്ചത്. കോള്‍ നിലങ്ങളിലെ കര്‍ഷകര്‍ക്ക് സാങ്കേതിക ഉപദേശമടക്കമുള്ളവ ലഭിക്കുമെന്നാണ് ഉദ്ഘാടനസമയത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. കാര്‍ഷിക സര്‍വകലാശലായുടെ സഹകരണത്തോടെ ആരംഭിച്ച ഗവേഷണ കേന്ദ്രം ഇതുവരെ തുടങ്ങിയടത്ത് നിന്ന് ഒരടി മുന്നോട്ട് പോയിട്ടില്ല. ഉദ്ഘാടനസമയത്ത് അനുവദിച്ച് അഞ്ച് ലക്ഷം രൂപയൊഴിച്ച് ഒരു രൂപ പോലും ഇതുവരെ കേന്ദ്രത്തിനായി അനുവദിച്ചിട്ടില്ല. ലഭിച്ച അഞ്ച് ലക്ഷം ഓഫിസിന്റെ അറ്റക്കുറ്റപ്പണികള്‍ക്കും ഫര്‍ണീച്ചറുകള്‍ക്കുമായിട്ടാണ് ഉപയോഗിച്ചത്. കൃത്യമായ മാര്‍ഗനിര്‍ദേങ്ങളോ പ്രവര്‍ത്തനസംവിധാനങ്ങളോ തയാറാക്കാതെ പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്താണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്
തൊട്ട് മുന്‍പ് ഗവേണകേന്ദ്രം ആരംഭിച്ചത്. തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ലക്ഷ്യബോധമില്ലാതെ നടത്തിയ നാടകമായിരുന്നു ഗവേഷണ കേന്ദ്രം.
ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ പോലും നിശ്ചയമില്ല. കേന്ദ്രത്തില്‍ ശുചിമുറി നിര്‍മിക്കുകയോ വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടിയോ സ്വീകരിച്ചിട്ടില്ല. ബ്ലോക്കിന് കീഴിലുള്ള കോള്‍ നിലകളില്‍ ഫീല്‍ഡ് വര്‍കിന് പോകുന്ന രണ്ട് വനിതാ ജീവനക്കാരും കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഇടയ്ക്ക് ഇവിടെയെത്തുന്നുണ്ടെന്നല്ലാതെ ഒരുവിധപ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ഫണ്ട് ലഭ്യമാക്കി കൃത്യമായി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും നിയമിച്ചാല്‍ മാത്രമേ ഗവേഷണ കേന്ദ്രം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ.

Exit mobile version