Home NEWS ആറാട്ടുപുഴ ക്ഷേത്രത്തില്‍ സേലം ഭക്തരുടെ സേവന സമര്‍പ്പണം

ആറാട്ടുപുഴ ക്ഷേത്രത്തില്‍ സേലം ഭക്തരുടെ സേവന സമര്‍പ്പണം

ആറാട്ടുപുഴ: തീര്‍ത്ഥാടനത്തിന്റെ ഭാഗമായി 25 ഓളം വരുന്ന സേലം ഭക്തര്‍ ആറാട്ടുപുഴ ക്ഷേത്രത്തില്‍ സേവനത്തിലൂടെ സമര്‍പ്പണം നടത്തി. രണ്ടു ദിവസത്തെ സേവനമായിരുന്നു അവരുടെ സമര്‍പ്പണം. ക്ഷേത്രത്തിലെ വിവിധ തരത്തിലുള്ള വിളക്കുകള്‍, പറകള്‍, കൈപ്പന്തത്തിന്റെ നാഴികള്‍, ദീപസ്തംഭങ്ങള്‍, കലശകുടങ്ങള്‍, കുത്തുവിളക്കുകള്‍, ആലിലവിളക്ക്, സോപാനം, ബലികല്ലുകള്‍, നമസ്‌കാര മണ്ഡലത്തിലെ തൂണുകള്‍, പിച്ചള പൊതിഞ്ഞ വിളക്കുമാടം, ഓട്ടുചെരാതുകള്‍, ഗോപുരത്തിലെ തൂണുകള്‍, തൃപ്പടികള്‍, ചുറ്റമ്പല വാതിലുകള്‍, തുടങ്ങിയവ വൃത്തിയാക്കി സ്വര്‍ണ്ണവര്‍ണ്ണമാക്കി. ചുറ്റമ്പല നടവഴിയും വിളക്കുമാടത്തറയും നടപ്പുരയും മനോഹരമാക്കി.വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വ്യവസായികള്‍, സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ എന്നിവരടങ്ങുന്ന സംഘത്തില്‍ 13 സ്ത്രീകളും 2കുട്ടികളും 11 പുരുഷന്‍മാരും ഉണ്ടായിരുന്നു. കഴിഞ്ഞ 2 വര്‍ഷവും ആറാട്ടുപുഴ പൂരത്തിന് മുമ്പ് ഇവര്‍ ഇവിടെ വന്ന് ഈ പ്രവൃത്തി ചെയ്തിരുന്നു. ക്ഷേത്രവും അനുബന്ധ സാധന സാമഗ്രികളും വൃത്തിയാക്കി ദേവന് സമര്‍പ്പിക്കുന്നതാണ് ഇവരുടെ തീര്‍ത്ഥാടന ലക്ഷ്യം.സേലം സ്വദേശിയായ പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തില്‍ 2ദിവസമായാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ വകയായി എല്ലാവര്‍ക്കും ഓണപ്പുടവകള്‍ സമ്മാനിച്ചു. ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ എം.പി ജയദേവന്‍ ക്ഷേത്രത്തില്‍ എത്തിയത് ഇവര്‍ക്ക് പുതു അനുഭവമായി. സമിതി പ്രസിഡന്റ് എം. ശിവദാസന്‍, സെക്രട്ടറി ഏ.ജി. ഗോപി, ട്രഷറര്‍ കെ. രഘുനന്ദനന്‍ എന്നിവരടങ്ങുന്ന സമതി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് എം.പി യെ സ്വീകരിച്ചു. സേലം ഭക്തരുടെ ആഗ്രഹപ്രകാരം അവരുമൊത്ത് ചിത്രമെടുത്ത് അവരുടെ സേവനത്തെ അഭിനന്ദിക്കുകയും ചെയ്തതിന് ശേഷമാണ് എം.പി ക്ഷേത്രത്തില്‍ നിന്നും തിരിച്ചത്.

 

Exit mobile version