മാപ്രാണം : ബസ് സ്റ്റോപ്പ് നിര്‍മ്മാണം നടത്തിയിട്ടും അന്യവാഹനങ്ങളുടെ പാര്‍ക്കിംങ്ങ് മൂലം പൊതുജനത്തിന് ഉപയോഗ്യമല്ലാതെയാവുകയാണ് മാപ്രാണം സെന്ററിലെ ആമ്പല്ലൂര്‍ ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ്.മാപ്രാണം സെന്ററിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും ബസ് സ്റ്റോപ്പിലാത്തതിന്റെ പേരില്‍ സമിപത്തേ കടകള്‍ക്ക് മുന്നില്‍ യാത്രക്കാര്‍ കയറി നില്‍ക്കുകയാണെന്നുള്ള പരാതികള്‍ക്ക് അവസാനമാണ് മുന്‍ എം എല്‍ എയുടെ പ്രദേശികവികസന ഫണ്ട് ഉപയോഗിച്ച് സെന്ററില്‍ നിന്നും കുറച്ച് മാറി പുതിയ ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചത്.എന്നാല്‍ ഉദ്ഘാടനം നടത്താതെ ഇട്ടിരുന്ന ബസ് സ്റ്റോപ്പ് പൊതുജനങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കേണ്ട അവസ്ഥ വരെ ഇവിടെ ഉണ്ടായിരുന്നു.ഇപ്പോഴത്തേ പ്രധാന പ്രശ്‌നം അന്യവാഹനങ്ങളുടെ പാര്‍ക്കിംങ്ങാണ്.ബസ് സ്റ്റോപ്പിന് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നതിനാല്‍ യാത്രക്കാര്‍ക്ക് ബസുകളിലേയ്ക്ക് കയറാന്‍ ഏറെ ബുദ്ധിമുട്ടുകയാണിവിടെ.മറ്റ് വാഹനങ്ങള്‍ കിടക്കുന്നതിനാല്‍ ബസുകള്‍ക്ക് ബസ് സ്‌റ്റോപ്പിലേയ്ക്ക് ബസ് നിര്‍ത്തുവാനും സാധിക്കുന്നില്ല.കൂടാതെ ബസ് സ്റ്റോപ്പിലിരിക്കുന്ന യാത്രക്കാര്‍ക്ക് ബസ് വരുന്നത് കാണുവാന്‍ തന്നേ സാധിക്കാത്ത വിധമാണ് വാഹനങ്ങള്‍ പാര്‍ക്കിംങ്ങ് നടത്തുന്നത്.സമീപത്തേ തിരക്കേറിയ തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ മാപ്രാണം സെന്ററിലെ സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ട് ഒരു വര്‍ഷവും സ്റ്റോപ്പ് നീക്കുന്നതിനാവശ്യമായ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചുനല്‍കാന്‍ തയ്യാറായി ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബ്ബ് രംഗത്തെത്തിയിട്ട് ആറുമാസവും കഴിഞ്ഞു.ദിനംപ്രതി വാഹനങ്ങള്‍ പെരുകികൊണ്ടിരിക്കുകയാണ്. മാപ്രാണം സെന്ററില്‍ അപകടങ്ങളും. ഈ സാഹചര്യത്തില്‍ സ്റ്റോപ്പുകള്‍ എത്രയും പെട്ടന്ന് മാറ്റാനുള്ള നടപടിയാണ് നഗരസഭ കൈകൊള്ളേണ്ടത്. സ്റ്റോപ്പ് നിര്‍മ്മിച്ചുനല്‍കാന്‍ തയ്യാറായി റോട്ടറി ക്ലബ്ബ് നഗരസഭ അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ബോര്‍ഡും കാത്തിരിപ്പുകേന്ദ്രവും തയ്യാറായാല്‍ തൊട്ടടുത്ത ദിവസം മുതല്‍ സ്റ്റോപ്പ് മാറ്റാന്‍ തയ്യാറാണെന്ന് പോലിസും പറയുന്നു. എന്നാല്‍ തീരുമാനം നടപ്പിലാക്കേണ്ട നഗരസഭ അലംഭാവം കാണിക്കുകയാണ്.ട്രാഫിക് പരിഷ്‌ക്കരണകമ്മിറ്റിക്ക് പുറമെ താലൂക്ക് വികസന സമിതിയും വിവിധ സംഘടനകളും സ്റ്റോപ്പ് മാറ്റം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം യാഥാര്‍ത്ഥ്യമാകുന്നില്ല.