Home NEWS ചായങ്ങളുടെ നിറക്കൂട്ടുമായി ദീപക് സുരേഷ് വിസ്മയം തീര്‍ക്കുന്നു. 

ചായങ്ങളുടെ നിറക്കൂട്ടുമായി ദീപക് സുരേഷ് വിസ്മയം തീര്‍ക്കുന്നു. 

ഇരിങ്ങാലക്കുട: ചായങ്ങളുടെ നിറക്കൂട്ടുമായി ഇരിങ്ങാലക്കുടക്കാരന്‍ ദീപക് സുരേഷ് വിസിമയം തീര്‍ക്കുന്നു. 2015 മുതല്‍ പെയ്ന്റിംഗ് രംഗത്ത് സജീവമായ ദീപക് സുരേഷ്, സുരേഷ്- ഗീത ദമ്പതികളുടെ മകനാണ്. ക്യാന്‍വാസും ആക്രിലിക്കും ഉപയോഗിച്ച് തുടങ്ങിയതു മുതലാണ് ദീപക് സുരേഷ് എന്ന ചിത്രകാരന്‍ അടയാളപ്പെടുത്തപ്പെടുന്നത്. അച്ഛന്റെ കലാവാസനയായിരുന്നു ചിത്രരചനയിലേക്ക് വരുന്നതിനുള്ള പ്രചോദനമെങ്കിലും അച്ഛാച്ചന്റെ കൈ പിടിച്ചാണ് വരകളുടെ ലോകത്തേക്കുള്ള ചുവടുവെയ്പ്പ്.  മൂന്ന് വയസ്സു മുതല്‍ മനസ്സില്‍ പതിഞ്ഞ ഓരോ ചിത്രത്തെയും പഠിക്കാന്‍ തുടങ്ങിയപ്പോള്‍ അന്നുമുതല്‍ നിറങ്ങളുടെ ഒരു പുതിയ ലോകം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയും ചിത്രരചനയ്ക്കു വേണ്ടി പ്രത്യേക പഠനം നടത്തിയിട്ടില്ല.  ഏത് ചിത്രത്തെയും സ്വതന്ത്രമായി ആവിഷ്‌ക്കരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ദീപക് സുരേഷ്. യാത്രകളെയും യാത്രാവിവരണങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന ഈ 26 കാരന്‍ ഇരിങ്ങാലക്കുടയിലെ മുന്‍ മെട്രോ ഹോസ്പിറ്റലിന്റെ അടുത്തുള്ള ഭൂമിക ആര്‍ട്ട് ഗാലറിയില്‍ ഇരുന്നും വരയ്ക്കാറുണ്ട്. സുഹൃത്തായ നവീനാണ് നടത്തിപ്പുകാരന്‍. ദീപക്കിന്റെ ഓരോ വരകളും അദ്ദേഹത്തിനു തന്നെ ഒരു പാഠമാകുമ്പോള്‍ അതിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ഭൂമികയിലെത്തുന്ന ഓരോ ആര്‍ട്ടിസ്റ്റുകളും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മോഡേണ്‍ ആര്‍ട്ട് ആണ് കൂടുതല്‍ താല്‍പര്യമെങ്കിലും പോര്‍ട്ട്‌റൈറ്റുകളും ചെയ്തിട്ടുണ്ട്. മോഡേണ്‍ ആര്‍ട്ടിലെ ഇംപ്രഷനിസം ആണ് ദീപക്കിന്റെ രചനകളില്‍ നിറയുന്നത്. കൂടാതെ കാര്‍ബോര്‍ഡ് അടുക്കിവെച്ച് ദീപക് ഉണ്ടാക്കിയെടുത്ത ദിനോസറുകള്‍ പ്രത്യേക ആകര്‍ഷണ കേന്ദ്രമാണ്. മരത്തില്‍ കൊത്തിയെടുത്ത ശില്പത്തെയും വെല്ലുന്നതാണ് നിര്‍മ്മാണം. ‘പൂക്കളം 2017’ എന്ന പേരില്‍ പോസ്റ്റു ചെയ്യപ്പെട്ട ഇദ്ദേഹത്തിന്റെ പൂക്കളങ്ങളില്‍ വടക്കുംനാഥക്ഷേത്രത്തിനു മുമ്പിലെ നിറഞ്ഞ ആരവത്തോടെയുള്ള തൃശ്ശൂര്‍ പൂരം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ തന്റെ ചിത്രങ്ങളുമായി ഒരു എക്‌സിബിഷന് ഒരുങ്ങുകയാണ് ദീപക്. തൃശ്ശൂര്‍ ലളിത കലാ അക്കാദമിയില്‍ ആഗസ്റ്റ് 1 മുതല്‍ 5 വരെയാണ് പ്രദര്‍ശനം. ഇതിനു മുമ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഇപ്പോള്‍ ചിത്രരചനയിലും കാര്‍ബോര്‍ഡ് ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങളിലും വ്യാപൃതനാണ്. സഹോദരി  ദീപ്തിയും ദീപക്കിന് പിന്തുണയുമായി കലാരംഗത്തുണ്ട്. 3 വര്‍ഷം മുമ്പ് വിട്ടുപിരിഞ്ഞ അച്ഛനു വേണ്ടി സമര്‍പ്പിക്കുകയാണ് അദ്ദേഹം തന്റെ ഓരോ ചിത്രങ്ങളും. ഗ്ലീമിംഗ് കളേഴ്‌സ് എന്ന പേരിലുള്ള എഫ്.ബി പേജില്‍ ദീപക് സുരേഷിന്റെ പെയ്ന്റിംഗ്‌സും ക്രാഫ്റ്റുകളും സന്ദര്‍ശിക്കാം.

Exit mobile version