ആയിരം അസുഖങ്ങളുടെ അകമ്പടിയോടെ കടുത്ത വേനല്‍ കടന്നുകയറുകയാണ്. ആരോഗ്യദൃഢഗാത്രരെപ്പോലും ഈ കൊടും ഭീകരന് തന്റെ ഉരുക്കുമുഷ്ടിക്കുളളില്‍ ഞെരിപിരി കൊളളിക്കുകയാണ്. വേനല്‍കാലത്ത് തീഷ്ണമായ വെയിലില്‍ ഭൂമിയുടെ സ്നിഗ്ദ്ധത കുറഞ്ഞു കുറഞ്ഞ് വന്ന് വരള്‍ച്ച അനുഭവപ്പെടുന്നു. തല്‍ഫലമായി കഫം ക്ഷയിക്കുകയും വായു വര്‍ദ്ധിക്കുകയും ചെയ്യുന്നു. തീഷ്ണമായ സൂര്യാഘാതത്താല്‍ എല്ലാ പദാര്‍ത്ഥങ്ങളും – ഔഷധങ്ങള്‍ പോലും അവയുടെ സൗമ്യഭാവങ്ങള്‍ നഷ്ടപ്പെട്ട് രൂക്ഷവും ലഘുവുമായിത്തീരുന്നു. സ്വാഭാവികമായും, വെളളത്തിനും ഈ അവസ്ഥാന്തരങ്ങള്‍ തന്നെ സംഭവിക്കുന്നു. ജീവജാലങ്ങളും മനുഷ്യരും കഠിനമായ സൂര്യതാപമേറ്റ് ശുഷ്കമായിത്തീരുന്നു. വേനല്‍കാലത്ത് രൂക്ഷാദിഗുണങ്ങള് സംഭവിച്ച ഔഷധങ്ങളും ഭക്ഷണവും ഉപയോഗിക്കുമ്പോഴും ശരീരം അത്യധികം പരുഷവും, വിവശവുമായി തീരുന്നു. അങ്ങിനെ വാതത്തിന് വ്യതിചലനം സംഭവിക്കുന്നു. അതുകൊണ്ട് ചൂട് കാലത്ത് പുളി, ഉപ്പ്, എരിവ്, എന്നീ രസങ്ങല് അധികമായി ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ദേഹം അധികം ആയാസപ്പെടുന്ന ജോലികളില്‍ ഏര്‍പ്പെടുന്നതും ഒഴിവാക്കണം. വെയില് കൊളളാതെ നോക്കുകയും വേണം. പുളിരസം സ്നിദ്ധമാണെങ്കിലും ഉഷ്ണവീര്യമായത് കൊണ്ട് ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുകയേയുളളു. ഇതിനെ അതിജീവിക്കാനാവശ്യമായ ആഹാരപദാര്‍ത്ഥങ്ങള്‍ നാം ഉപയോഗിക്കേണ്ടതുണ്ട്. ഉപ്പുരസം അമിതമായി വിയര്‍പ്പ് ഉല്പാദിപ്പിക്കുന്നത് കൊണ്ട് മിതമായി ഉപയോഗിക്കുകയാണ് നല്ലത്. എരിവ് സ്വാഭാവികമായും ഉഷ്ണവീര്യവും രൂക്ഷതയേറിയതും കൂടാതെ ശരീരത്തെ ശോഷിപ്പിക്കുന്നതുമാണ്. ശീതളിമ പ്രദാനം ചെയ്യുന്ന മധുര രസമുളള ഭക്ഷണം മാത്രമേ വേനല്‍ക്കാലത്ത് അധികമായി ഉപയോഗിക്കാവൂ. അതുതന്നെ കഴിയുന്നത്ര ലഘുവും ദ്രാവകരൂപത്തിലുളളതും തണുത്തതുമായിരുന്നാല് വിശേഷമായി. മധുരം കൊണ്ട് ബലവും, ശീതളിമവഴി ഉഷ്ണം പരിഹരിക്കുകയും, ലഘുവായ തോതിലാവുമ്പോള്‍ കഫത്തിനെ തടഞ്ഞു നിര്‍ത്താനും കഴിയുന്നു. ‘നല്ലപോലെ തണുത്ത ഒഴുക്കുളള ജലാശയത്തില്‍ സ്നാനം ചെയ്ത് പഞ്ചസാര ചേര്‍ത്ത് മലര്‍പ്പൊടി നക്കിത്തിന്നണം’ എന്നാണ് വേനലിനെ കീഴടക്കാനായി അടിസ്ഥാന ഗ്രന്ഥങ്ങള്‍ പറയുന്നത്. വേനല്‍ക്കാലത്ത് മദ്യം ഉപയോഗിക്കരുത്. ആയുര്‍വ്വേദം മനസ്സിന്റെ സ്ഥാനത്തിനും അവസ്ഥക്കും അതീവ പ്രാധാന്യം നല്കിയിട്ടുളള ശാസ്ത്രമാണ്. സ്വസ്ഥമായ മനസ്സ് എല്ലാ അവസ്ഥകളേയും അതിജീവിക്കാന്‍ സഹായിക്കുന്നു. കൂടാതെ ശാരീരികാസ്വാസ്ഥങ്ങളെ സമരസപ്പെടുത്താനും ആതുരാവസ്ഥയില്‍ നിന്ന് മുക്തി നേടാനും ശക്തമായ മനസ്സിന് സാധിക്കുന്നു. വേനല്‍ക്കാലത്ത് സ്ത്രീ പുരുഷന്മാര് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും പരമാവധി ഒഴിവാക്കണം. മനസ്സ് കുളിര്‍ക്കുന്ന, ശരീരം തണുക്കുന്ന, അല്ലെങ്കില്‍ തണുക്കാനുപകരിക്കുന്ന ചര്യകളാണ് ഭാരതത്തിന്റെ തനത് സമ്പാദ്യമായ ആയുര്‍വ്വേദം വിഭാവനം ചെയ്യുന്നതും. ഈ ജീവിതചര്യകള്‍ പാലിക്കുക വഴി നാം മാനസികവും ശാരീരികവുമായി പുഷ്കലമായ ആരോഗ്യത്തിന് ഉടമകളായി തീരുന്നു. പ്രകൃതി കനിഞ്ഞരുളിയ ശുദ്ധവായുവും ജലവും പോലും നാമിന്ന് വിഷമയമാക്കിത്തീര്‍ത്തു കൊണ്ടിരിക്കുന്നു. തുറസ്സായ സ്ഥലങ്ങളിലുളള ഒത്തുചേരലും, സൗഹൃദം പുതുക്കലും , ജലാശയങ്ങളിലെ കുളിയും മറ്റും അന്യമായിത്തീര്‍ന്നു കൊണ്ടിരിക്കുന്ന നമുക്ക് ആരോഗ്യ പരിപാലനത്തെ ക്കുറിച്ച് ചിന്തിക്കാനുളള അര്‍ഹത പോലും നഷ്ടപ്പെട്ടിരിക്കുന്നു. പൗരാണിക കാലം മുതല്‍ ദീര്‍ഘ വീക്ഷണത്തോടെ കാലാവസ്ഥാവ്യതിയാനങ്ങല്ക്കനുസൃതമായി പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പു വരുത്തിയിരുന്ന സംസ്കാരമായിരുന്നു നമ്മുടേത്. കൊടും വേനലില്‍ തളര്‍ന്നു വരുന്നവര്‍ക്ക് സമാശ്വാസമരുളുന്ന തണ്ണീര്‍പന്തലുകള്‍ സാര്‍വ്വത്രികമായിരുന്നു. മണ്‍പാത്രത്തില്‍ സൂക്ഷിക്കുന്ന ശുദ്ധജലത്തിലെ സംഭാര (മോരിന് വെളളം) ത്തില്‍ ഇഞ്ചി, കറിവേപ്പില, പച്ചമുളക്, നാരകത്തില ഇവയ്ക്കൊപ്പം മൂപ്പെത്താത്ത പച്ചമാങ്ങ നന്നായി ചതച്ചിട്ട് സ്വാദിഷ്ടമാക്കി വഴിയാത്രക്കാര്‍ക്ക് നല്കാറുണ്ടായിരുന്നു. ചൂടിനെ ചെറുത്തു നില്ക്കാന് ഇതിനേക്കാള്‍ നല്ല പ്രതിവിധിയില്ലെന്ന് അനുഭവത്തിലൂടെ അറിഞ്ഞവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍. പാടത്തെ കൊയ്ത്തും, മെതിയ്ക്കുമൊപ്പം ദാഹവും വിശപ്പുമകറ്റി ആരോഗ്യം പ്രദാനം ചെയ്യുന്ന ഈ രീതികളൊന്നും തന്നെ ഇന്നത്തെ തലമുറയ്ക്ക് അറിയുക പോലുമില്ല. ഈ പാരമ്പര്യരീതികളെല്ലാം നഷ്ട്പ്പെടുത്തി പരിഷ്കാരത്തിന്റെ പിറകെ പായുന്നവര്‍ ഒരു വാസ്തവം മനസ്സിലാക്കുന്നില്ല, തന്റെ ആരോഗ്യം കൊണ്ടാണ് ഈ ചൂതുകളിയെന്ന്.