Home NEWS കോര്‍പറേറ്റ് കച്ചവട തന്ത്രത്തിന്റെ നേര്‍കാഴ്ച്ചയായി തുപ്പേട്ടന്റെ ‘ചക്ക’ വീണ്ടും അരങ്ങിലെത്തി.

കോര്‍പറേറ്റ് കച്ചവട തന്ത്രത്തിന്റെ നേര്‍കാഴ്ച്ചയായി തുപ്പേട്ടന്റെ ‘ചക്ക’ വീണ്ടും അരങ്ങിലെത്തി.

ഇരിങ്ങാലക്കുട : ലോകത്തെ ഏറ്റവും വലിയ നാടക മഹോത്സവമായ തിയേറ്റര്‍ ഒളിമ്പിക്സിന്റെ വേദിയിലേക്ക് പുറപ്പെടുന്ന ആഗോളവല്‍ക്കരണ കാലത്തെ കൊടുക്കല്‍ വാങ്ങലുകളുടെ പരിഹാസ്യതയും ജനവിരുദ്ധമായ തന്ത്രങ്ങളും തുറന്നു കാണിക്കുന്ന തുപ്പേട്ടന്റെ ‘ചക്ക’യെന്ന നാടകം ഇരിങ്ങാലക്കുട വാള്‍ഡനിലെ ഇന്നര്‍സ്‌പേസ് ലിറ്റില്‍ തിയേറ്ററില്‍ അവതരിപ്പിച്ചു.പാഞ്ഞാള്‍ സ്വദേശിയായ പ്രശസ്ത നാടകകൃത്ത് തുപ്പേട്ടന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് രചിച്ച ചക്ക, തൃശൂര്‍ നാടകസംഘമാണ് അരങ്ങിലെത്തിച്ചത്.കച്ചവടത്തില്‍ നീതി പുലര്‍ത്തുന്ന ചെറുകിട കച്ചവടക്കാരില്‍ നിന്നും ചാനലുകളിലൂടെയും മറ്റും നല്‍കുന്ന പരസ്യങ്ങളിലൂടെ വന്‍കിട കച്ചവടക്കാര്‍ മാര്‍ക്കറ്റ് കൈയടുക്കുന്ന വിധം ആക്ഷേപഹാസ്യത്തിലൂടെ ചക്കയെന്ന നാടകം ആസ്വാദകരുടെ മനം കീഴടക്കി.തിയേറ്റര്‍ ഒളിമ്പിക്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് മലയാള നാടകങ്ങളിലൊന്നായിട്ടാണ് ‘ചക്ക’ മാര്‍ച്ച് 3-നു ഡല്‍ഹിയില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തുറന്ന വേദിയില്‍ അവതരിപ്പിക്കുന്നത്.ടൂറിങ്ങ് തിയേറ്റര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം പര്യടനം നടത്തിയ ‘ചക്ക’ പിന്നീട് 2012-ല്‍ കൊച്ചിന്‍- മുസിരിസ് ബിനാലെയുടെ ഭാഗമായി രണ്ടാം വട്ടവും അരങ്ങിലെത്തിയിരുന്നു. തുടര്‍ന്ന് അന്തര്‍ദ്ദേശീയ നാടകോത്സവവും, പബ്‌ളിക് റിലേഷന്‍ വകുപ്പിന്റെ ദേശീയ നാടകോത്സവവും സൂര്യ ഫെസ്റ്റിവലും അടക്കം ഒട്ടേറെ വേദികളില്‍ ‘ചക്ക’ അവതരിപ്പിക്കപ്പെട്ടു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, എട്ടാമത് തിയേറ്റര്‍ ഒളിമ്പിക്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ‘ചക്ക’ വീണ്ടും അരങ്ങേറിത്തുടങ്ങുകയാണ്. കെ.ബി. ഹരി, സി. ആര്‍. രാജന്‍, പ്രബലന്‍ വേലൂര്‍ എന്നിവരുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ചക്ക’യില്‍ ഇവര്‍ക്കു പുറമേ ജോസ് പി. റാഫേല്‍, സുധി വട്ടപ്പിന്നി, പ്രതാപന്‍, മല്ലു പി. ശേഖര്‍ എന്നിവരും അഭിനയിച്ചു.സംഗീതമൊരുക്കിയിരിക്കുന്നത് സുഗതനും ചിത്രകാരനായ ഒ.സി. മാര്‍ട്ടിനും ചേര്‍ന്നാണു. ചിത്രകാരനും സമകാലീന നാടകവേദിയിലെ ശ്രദ്ധേയനായ രംഗോപകരണഡിസൈനര്‍ ആന്റോ ജോര്‍ജാണു രംഗോപകരണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രകാശവിന്യാസം നിര്‍വ്വഹിച്ചത് ഡെന്നി.

Exit mobile version