ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ കിണര്‍ കാടുകയറിയ നിലയില്‍. ഗവ. മോഡല്‍ ബോയ്സ് സ്‌കൂളിലെ കിണറാണു കാടുകയറിയ നിലയിലായത്. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഏക കുടിവെള്ള സ്രോതസാണിത്. ഹൈസ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറിയിലെ 450 ഓളം വിദ്യാര്‍ഥികള്‍ക്കും നൂറോളം വരുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള കുടിവെള്ളം ഈ കിണറ്റില്‍ നിന്നാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലാബുകല്‍ലേക്കുമുള്ള വെള്ളവും ഈ കിണറ്റില്‍നിന്നു തന്നെ. മാസങ്ങളോളമായി ഈ കിണറിനുള്ളില്‍ പാഴ്മരങ്ങള്‍ വളര്‍ന്നും കിണറിനു മുകളില്‍ വള്ളിചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതും. പാഴ്ചെടികള്‍ ചീഞ്ഞ് കിണറ്റിലെ വെള്ളം മലിനമായി തുടങ്ങിയിട്ടുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്‌കൂള്‍. കിണര്‍ വേണ്ടരീതിയില്‍ സംരക്ഷിക്കുവാന്‍ അധികൃതര്‍ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളിനോടൊപ്പം പഴക്കമുണ്ട് ഈ കിണറിന്. കിണറിനു സമീപത്തുതന്നെയാണ് ജല സംഭരണിയും സ്ഥാപിച്ചിരിക്കുന്നത്. ഈ സംഭരണിയും വൃത്തിഹീനമായി കിടക്കുകയാണ്. കടുത്ത വേനലില്‍ മാത്രമേ നേരിയ തോതില്‍ കുടിവെള്ളക്ഷാമം നേരിടാറുള്ളൂ. കിണറും ജലസംഭരണിയും വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.