പടിയൂര്‍ : നിങ്ങളുടെ വീടുകളില്‍ ഉപയോഗിക്കാതെ കൂട്ടിയിട്ട വസ്ത്രങ്ങള്‍ ഉണ്ടോ? അവകൊണ്ട് സ്‌നേഹത്തിന്റെ കുപ്പായമിട്ടാലോ… നിറം മങ്ങാത്തതും കേടുപറ്റാത്തതുമായ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായി അരിപ്പാലം തിരുഹൃദയ ലത്തീന്‍ പള്ളിയിലെ കെ.സി.വൈ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സേവന കേന്ദ്രം തുടങ്ങി. ഇത്തരത്തില്‍ ശേഖരിച്ച വസ്ത്രങ്ങള്‍ നിര്‍ധനര്‍, രോഗികള്‍, മറുനാടന്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യമായി നല്‍കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്.അരിപ്പാലം, പടിയൂര്‍ മേഖലയിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി ഏകദേശം ആയിരത്തിലേറെ ജോഡി വസ്ത്രങ്ങളാണ് കെ.സി.വൈ.എം പ്രവര്‍ത്തകര്‍ ആദ്യ ഘട്ടത്തില്‍ ശേഖരിച്ചത്.സമാഹരിച്ച വസ്ത്രങ്ങള്‍ ആരോഗ്യ-പരിസ്ഥിതി-ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ലൈഫ്ഗാര്‍ഡ്‌സിന്റെ ജനകീയ ഡ്രസ്സ് ബാങ്കിലേക്കായി കൈമാറിക്കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമിട്ടു. അരിപ്പാലം തിരുഹൃദയ ലത്തീന്‍ പള്ളി വികാരി ഫാദര്‍ ഫ്രാന്‍സീസ് കൈതത്തറയില്‍ നിന്നും ലൈഫ്ഗാര്‍ഡ്‌സ് വൈസ് പ്രസിഡന്റ് സന്ദീപ് പോത്താനി വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി. കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് ഷാല്‍ബിന്‍ പെരേര, സ്രെക്രട്ടറി മിഷേല്‍ ഫിഗറസ് , ട്രെഷറര്‍ ഫെബിന്‍ ഫ്രാന്‍സിസ് , വൈസ് പ്രസിഡന്റ് റിന്റു പെരേര എന്നിവര്‍ സംസാരിച്ചു.ഭക്ഷണത്തേക്കാള്‍ കൂടുതല്‍ വസ്തങ്ങള്‍ വാങ്ങാനാണ് ഇന്ന് മലയാളികള്‍ പണം ചെലവഴിക്കുന്നത്. ഈ വസ്ത്രങ്ങള്‍ പലരും ഒരു മാസം പോലും ഉപയോഗിക്കാറില്ല. ഇത്തരത്തില്‍ ഉപയോഗിക്കാതെ വീടുകളിലെ അലമാരകളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അര്‍ഹരായ സഹജീവികള്‍ക്ക് എത്തിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവര്‍ 9745043009, 9061161555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.