ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കര്‍ക്കിടകമാസത്തില്‍ നടത്താറുള്ള ഇല്ലം നിറയ്ക്കാവശ്യമായ നെല്‍ക്കതിര്‍ ദേവസ്വം ഭൂമിയില്‍ തന്നെ കൃഷിചെയ്യാനൊരുങ്ങുന്നു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അറിയിച്ചു. ഇതിനു പുറമെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി വഴുതനങ്ങ നിവേദ്യത്തിന് ആവശ്യമായ വഴുതനങ്ങയും കൊട്ടിലാക്കല്‍ പറമ്പില്‍ മറ്റു വികസനങ്ങള്‍ക്ക് തടസ്സമാകാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കും. ഈ സംരംഭത്തിന് ആവശ്യമായ വിത്ത് വളം എന്നിവ വഴിപാടായി നല്‍കുവാന്‍ താല്പര്യമുള്ളവര്‍ ദേവസ്വം ഓഫീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിന് ചെമ്മണ്ട കായല്‍ തീരത്തിനോട് ചേര്‍ന്ന് സ്വന്തമായുള്ള പതിമൂന്ന് ഏക്കര്‍ സ്ഥലത്ത് ക്ഷേത്രത്തിലെ താമര മാലക്ക് ആവശ്യമായ താമര കൃഷിയും ഉടന്‍ ആരംഭിക്കും. ഇതിനു പുറമെ ക്ഷേത്രത്തിലേക്ക് ആവശ്യമായ കദളി പഴത്തിനു വേണ്ടി വാഴകൃഷിയും ആരംഭിക്കുന്നുണ്ടെന്നും ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.