ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുടയിലെ പ്രഖ്യാപിത റവന്യു ഡിവിഷണല്‍ ഓഫീസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗതവരുത്തുമെന്ന് ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റി.ഭൂമി വിട്ടൊഴിയല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതോടെ വിവിധ പദ്ധതികള്‍ക്ക് ഫണ്ട് വിനിയോഗിക്കാന്‍ കഴിയുന്നല്ലെന്ന മുന്‍സിപ്പാലിറ്റിയുടേയും പഞ്ചായത്തുകളുടേയും പതിവുവിലാപത്തിന് അറുതിവരും. ആര്‍.ഡി.ഒ ഓഫീസിന്റെ ഭാഗമായി സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ ട്രിബ്യൂണലും രൂപീകൃതമാകുമെന്നതിനാല്‍ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെയുള്ള പരാതികളുടെ തീര്‍പ്പാക്കലും എളുപ്പത്തിലാകും. പതിനായിരം രൂപ വരെ മാതാപിതാക്കള്‍ക്ക് പ്രതിമാസം ബത്ത നല്‍കാന്‍ മക്കളെ നിര്‍ദ്ദേശിച്ച് ഉത്തരവിടാന്‍ ട്രിബ്യൂണലിനാകും.വൃദ്ധരായ മാതാപിതാക്കളുടെ പരാതികള്‍ സമയത്തിന് തീര്‍പ്പാക്കാന്‍ കഴിയാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മറ്റ് ആര്‍.ഡി.ഒ ഓഫീസുകളില്‍ നിന്നും വ്യത്യസ്തമായി രണ്ട് ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ പുതിയ ഓഫീസിന്റെ പ്രത്യേകതയാകും.വേഗതയാര്‍ന്ന പ്രവര്‍ത്തനത്തിനായി റവന്യുമന്ത്രിയുടെ നിര്‍ദ്ദേശത്തിലാണ് ഈ മാറ്റമെന്നത് ഇരിങ്ങാലക്കുടക്ക് ഗുണകരമാകും. ഇരിങ്ങാലക്കുടയിലെ റവന്യുഡിവിഷനുവേണ്ടി നിരവധി നിവേദനങ്ങളും വിവിധ സര്‍ക്കാരുകള്‍ മുമ്പാകെ പതിറ്റാണ്ടുകളായി ജോയിന്റ് കൗണ്‍സില്‍ സമര്‍പ്പിച്ചുവന്നിരുന്നു.ഇടക്കാലത്ത് ചാലക്കുടി പരിഗണിക്കപ്പെട്ടപ്പോള്‍ ഇരിങ്ങാലക്കുടയുടെ അര്‍ഹതയും ജനസൗകര്യവും അടിസ്ഥാനസൗകര്യങ്ങളും റവന്യുമന്ത്രിയെ നേരില്‍കണ്ട് ബോധ്യപ്പെടുത്തിയിരുന്നു.
ഇരിങ്ങാലക്കുട റവന്യുഡിവിഷന്‍ രൂപീകരിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരും റവന്യു ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷനും സംയുക്തമായി സിവില്‍ സ്റ്റേഷനില്‍ പ്രകടനം നടത്തി.ജോയിന്റ് കൗണ്‍സില്‍ മേഖലാ സെക്രട്ടറി എ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു.റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍ താലൂക്ക് പ്രസിഡണ്ട് ടി ജെ സാജു അദ്ധ്യക്ഷത വഹിച്ചു.കെ.ജെ.ക്ലീറ്റസ്,വി.അജിത്കുമാര്‍,എം.എസ്.അല്‍ത്താഫ്,പി.എന്‍.പ്രേമന്‍,ഇ.ജി.റാണി,സി.യു.ജയശ്രീ,പി.ബിന്ദു,പി.സ്മിത,പി.എ.ശ്രീജ എന്നിവര്‍ സംസാരിച്ചു.