Home NEWS കല്ലട ക്ഷേത്രപരിസരത്ത് നിന്നും ബോംബുമായി ഗുണ്ടാസംഘം പിടിയില്‍

കല്ലട ക്ഷേത്രപരിസരത്ത് നിന്നും ബോംബുമായി ഗുണ്ടാസംഘം പിടിയില്‍

പൊറത്തുശ്ശേരി : കല്ലട ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം അലങ്കോലപ്പെടുത്തുന്നതിനും ആക്രമണം നടത്തുന്നതിനുമായി ഉഗ്രശേഷിയുള്ള ബോംബും വടിവാളുകളും മറ്റു മാരകായുധങ്ങളുമായി വന്ന നാലു പേരെ ഇരിങ്ങാലക്കുട എസ് ഐ കെ.എസ്.സുശാന്തും സംഘവും അറസ്റ്റു ചെയ്തു.തളിയക്കോണം മണ്ടോമന വീട്ടില്‍ വിഷ്ണു (20) ഇയാളുടെ സഹോദരന്‍ വിശ്വന്‍ (18) തളിയക്കോണം പള്ളാപ്പറമ്പില്‍ വീട്ടില്‍ രഞ്ജിത്ത് (24) എന്നിവരെ കൂടാതെ ഒരു കൗമാരക്കാരനടക്കം 4 പേരാണ് പിടിയിലായത്. കല്ലട ഉത്സവത്തോടനുബന്ധിച്ച് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ.സുരേഷ് കുമാറിനുലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ വിഷ്ണുവിനെ അര കിലോ കഞ്ചാവ് സഹിതം 2 മാസം മുന്‍പ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ഇപ്പോള്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. മറ്റു 3 പ്രതികളും നിരവധി മയക്കുമരുന്ന് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. പിടിയിലായ രഞ്ജിത്ത് ബോംബുനിര്‍മ്മാണത്തില്‍ വിദഗ്ധനാണ്. ഇയാള്‍ ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ സ്വകാര്യ കോളേജില്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്തു വരികയാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പുല്ലത്തറ ഭാഗത്തു നിന്നും മാരകശേഷിയുള്ള നിരവധി ബോംബുകള്‍ കണ്ടെത്തി പ്രതികളെ പിടികൂടിയിരുന്നു. ഇപ്പോള്‍ പിടികൂടിയത് മാരക പ്രഹര ശേഷിയുള്ള ബോംബുകളാണെന്ന് തൃശൂര്‍ ജില്ലാ ബോംബ് സ്‌ക്വാഡ് എസ്.ഐ.പി കെ. പ്രകാശന്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വ്വീര്യമാക്കി. ബോംബുനിര്‍മ്മാണത്തിനാവശ്യമായ സ്‌ഫോടക വസ്തുക്കള്‍ ലഭ്യമായതു സംബന്ധിച്ച് അന്വേഷണം തുടരുമെന്നും ഇരിങ്ങാലക്കുടDYSP ഫെയ്മസ് വര്‍ഗീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തില്‍ എസ് ഐ.തോമസ് വടക്കന്‍, സീനിയര്‍ CPOമാരായ അനീഷ് കുമാര്‍, മുരുകേഷ് കടവത്ത്,cpo മാരായ രാകേഷ് പറപ്പറമ്പില്‍, രാഹുല്‍ അമ്പാടന്‍, രാജേഷ്C. S, A. K മനോജ്.എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.പോലീസിന്റെ സംയോജിതവും, കൃത്യവുമായ ഇടപെടല്‍ മൂലം ഉത്സവസ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നതില്‍ ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികള്‍ പോലീസിനോട് പ്രത്യേകം നന്ദി പറഞ്ഞു

 

Exit mobile version