Home രുചി ഭേദങ്ങള്‍ ചക്ക കട്‌ലറ്റ്

ചക്ക കട്‌ലറ്റ്

സംസ്‌കരിച്ച് പാക്ക് ചെയ്ത ചക്കയാണ് കട്‌ലറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ പുളിരസം കളയാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം വാര്‍ത്തു കളയണം. ഫ്രഷ് ചക്കയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇടിച്ചക്ക പുഴുങ്ങി പൊടിച്ചും ഇളംചക്ക കൊത്തിയരിഞ്ഞു വേവിച്ചും തയ്യാറാക്കണം. രണ്ടു പ്രായത്തിലുള്ള ചക്കയും വെന്തു കുഴയാതിരിക്കാന്‍ ശ്രദ്ധിക്കണം.
ചേരുവകള്‍:
ഇടിച്ചക്ക കൊത്തിയരിഞ്ഞു വേവിച്ചത് ഒരു കിലോ, സവാള 300 ഗ്രാം, ഇഞ്ചി 50 ഗ്രാം, വെളുതിതുള്ളി ഒരു തുടം, പച്ചമുളക് 4-5 എണ്ണം, കുരുമുളക് പൊടി 2-3 ടീസ്പൂണ്‍, കറിവേപ്പില, മല്ലിയില 4-5 തണ്ട്, മധുരമില്ലാത്ത ബ്രെഡ് ഒരു പായ്ക്കറ്റ്, മുട്ട വെള്ള 4 എണ്ണം, പാചകയെണ്ണ വറുക്കാന്‍ ആവശ്യമുള്ളത്, ഉപ്പ്, മഞ്ഞള്‍പ്പൊടി ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി നുറുക്കി അല്‍പ്പം വെളിച്ചെണ്ണയില്‍ വഴറ്റുക. ശേഷം ഗരം മസാല, കുരുമുളക്‌പൊടി എന്നിവ ചേര്‍ത്ത് മൊരിയുമ്പോള്‍ വേവിച്ച ചക്കയും ഉപ്പും ചേര്‍ത്ത് വഴറ്റുക. (ചക്ക വേവിക്കുമ്പോള്‍ ഉപ്പു ചേര്‍ത്തിട്ടുണ്ടെങ്കില്‍ പിന്നീട് ചേര്‍ക്കേണ്ടതില്ല.) ചെറുതായി അരിഞ്ഞ കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് യോജിപ്പിച്ച് തീയണച്ചു വയ്ക്കുക. മിക്‌സിയില്‍ ബ്രെഡ് പൊടിച്ചെടുക്കുക. (ബ്രഡിന്റെ അരികുവശം പ്രത്യേകം പൊടിച്ചെടുത്ത് കട്‌ലറ്റ് കൂട്ടില്‍ ചേര്‍ത്താല്‍ സ്വാദ് കൂടും.) കട്‌ലറ്റിന്റെ കൂട്ട് തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ പരത്തി അടിച്ചു പതപ്പിച്ച മുട്ടവെള്ളയില്‍ മുക്കി ബ്രെഡ് പൊടികൊണ്ട് നന്നായി പൊതിഞ്ഞ് പാചക എണ്ണയില്‍ ഇളം തവിട്ട് നിറമാകുന്നതുവരെ മൊരിച്ചെടുക്കുക. സ്വാദിലും ഗുണത്തിലും മികവുറ്റതാണ് ഈ കട്‌ലറ്റ്. ഉരുളക്കിഴങ്ങോ മറ്റു പച്ചക്കറികളോ ചേര്‍ക്കേണ്ടതില്ല. കട്‌ലറ്റ് കൂട്ടിനായി വേവിച്ച ചക്ക ഫുഡ്‌സേവര്‍ പാത്രങ്ങളില്‍ അടച്ച് ഒരാഴ്ച ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ചക്ക- മസാലക്കൂട്ടായും എടുക്കാം.

Exit mobile version