Home അഭ്രപാളി കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ചുവന്ന ഏട്- സഖാവിന്റെ പ്രിയസഖി

കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ചുവന്ന ഏട്- സഖാവിന്റെ പ്രിയസഖി

കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഒരു ചുവന്ന ഏട് തന്നെയാണ് ‘സഖാവിന്റെ പ്രിയസഖി’. ഒരു രാഷ്ട്രീയ സിനിമയെ മലയാളി എങ്ങനെ എടുക്കുമെന്നത് ഒരു വലിയ ചോദ്യമൊന്നുമല്ല. 1968-ല്‍ ഇറങ്ങിയ ‘പുന്നപ്ര വയലാര്‍’ തുടങ്ങി പിന്നീടങ്ങോട്ട് രാഷ്ട്രീയ സിനിമകളുടെ ശക്തമായ പ്രാതിനിധ്യം തെളിഞ്ഞ കാലഘട്ടമായിരുന്നു. തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, പി.ഭാസ്‌കരന്റെ മൂലധനം, കബനീനദി ചുവന്നപ്പോള്‍, കൊടുമുടികള്‍, സ്‌ഫോടനം, മാറ്റുവിന്‍ ചട്ടങ്ങളേ, മീനമാസത്തിലെ സൂര്യന്‍, മുഖാമുഖം, രക്തസാക്ഷി എന്നിങ്ങനെയുള്ള എല്ലാ സിനിമകളും രാഷ്ട്രീയ സംസ്‌കാരത്തിന്റെ വിവിധ തലങ്ങളെ ശക്തമായി ആവിഷ്‌കരിച്ചവ തന്നെയാണ്. ആ ആവിഷ്‌കാരമികവ് ഇന്നിപ്പോള്‍ ‘സഖാവിന്റെ പ്രിയസഖി’യിലും ‘ഈട’യിലും വരെ എത്തി നില്‍ക്കുന്നു.
2018-ന്റെ ആദ്യവാരത്തില്‍ത്തന്നെ പ്രേക്ഷകമനസ്സുകളില്‍ വിപ്‌ളവത്തിലെ പ്രണയവും, പ്രണയത്തിലെ വിപ്‌ളവവുമായി ഇടം നേടിയ രണ്ടു സിനിമകള്‍… ഇതില്‍ത്തന്നെ ‘ഈട’ പറഞ്ഞുപോയ കഥകളുടെ ഒരു നൂതനാവിഷ്‌കാരമാകുമ്പോള്‍ ‘സഖാവിന്റെ പ്രിയസഖി’ തികച്ചും വ്യത്യസ്തവും, ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാത്തതുമായ ഒരു പ്രമേയത്തെയാണ് കൊണ്ടുവരുന്നത്. മാത്രമല്ല രാഷ്ട്രീയ സിനിമാചരിത്രത്തിലെത്തന്നെ ഒരു പുതിയ ചുവടുവെയ്പ്പാകുന്നുണ്ട് ഈ സിനിമയും കഥാപാത്രങ്ങളും. സിദ്ദിഖ് താമരശ്ശേരി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘സഖാവിന്റെ പ്രയസഖി’ ചങ്കില്‍ ചുവപ്പുമായി മടക്കിച്ചുരുട്ടിയ ഉയര്‍ന്ന മുഷ്ടിയില്‍ത്തെളിയുന്ന നക്ഷത്രവും, ആശയങ്ങളാകുന്ന അരിവാളിന്റെ മൂര്‍ച്ചയില്‍ സിരകളില്‍ പടര്‍ന്നു കയറുന്ന ആവേശവും ജീവിതവുമാകുന്നു. സമകാലിക രാഷ്ട്രീയസ്ഥിതി എന്തുമായിക്കൊള്ളട്ടെ, ‘സഖാവിന്റെ പ്രിയസഖി’ പങ്കുവയ്ക്കുന്നത് വ്യക്തമായ രാഷ്ട്രീയ ജീവിതത്തെത്തന്നെയാണ്. ചോരപൊടിയുന്ന രാഷ്ട്രീയ ജീവിതത്തിന്റെ നേര്‍സാക്ഷ്യം.
ചൂടുപിടിച്ച കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ വേരുകളില്‍ ഉറച്ചുനിന്ന് സഖാവ് ശിവപ്രസാദിന്റെയും രോഹിണിയുടെയും കഥ പറയുകയാണ് ‘സഖാവിന്റെ പ്രിയസഖി’. കണ്ണൂര്‍ക്കാരന്‍ സഖാവിന്റെ, രക്തസാക്ഷിയുടെ വിധവയുടെ കഥ. പതിവു പ്രമേയങ്ങളില്‍ നിന്ന് ഈ സിനിമയെ വ്യത്യസ്തമാക്കുന്നതും അതുതന്നെയാണ്. സിദ്ദിഖ് താമരശ്ശേരി ഒരു ഇന്‍ര്‍വ്യൂവില്‍ പറഞ്ഞതുപോലെ ‘എന്തെങ്കിലും പറയുകയല്ല, എന്തായാലും പറയുക’ തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലില്‍ ജീവന്‍ നഷ്ടപ്പെടുന്ന ഒരാളുടെ ഭാര്യ അനുഭവിക്കേണ്ടി വരുന്ന സമസ്യകളും, പിന്നീടവള്‍ക്ക് എങ്ങനെയൊക്കെ സമൂഹത്തോടും കുടുംബത്തോടും പോരാടി ജീവിക്കേണ്ടി വരുന്നു എന്നതും ശിവപ്രസാദിന്റെയും രോഹിണിയുടെയും കഥ വെളിവാക്കുന്നു. പ്രമേയം രാഷ്ട്രീയമാണെങ്കിയും ശക്തമായ സ്ത്രീ കഥാപാത്രമായ രോഹിണി തന്നെയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഒപ്പംതന്നെ ഒരു ധീരസഖാവ് എന്തായിരിക്കണം? എങ്ങനെയായിരിക്കണം? എന്നും സിനിമ സംവദിക്കുന്നു. അതിനുമപ്പുറം മനുഷിക മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നു. കണ്ണൂര്‍ക്കാരുടെ യഥാര്‍ത്ഥ ജീവിതത്തെ ഏച്ചുകെട്ടലുകളില്ലാതെ അവതരിപ്പിച്ച സിദ്ദിഖ് താമരശ്ശേരി സിനിമയിലുടനീളം ഓരോ കുടുംബത്തെയും കഥയ്ക്കുമുമ്പില്‍ പിടിച്ചിരുത്തുന്ന സംവിധാനമികവ് കാഴ്ച വച്ചിട്ടുണ്ട്. സിനിമയിലെ ഓരോ ഭാഗവും തന്റെത്തന്നെ കഥയാണെന്ന് തോന്നിപ്പിക്കുമാറ് കണ്ണൂര്‍ക്കാരുടെ ജീവിത്തിലേക്കാഴ്ന്നിറങ്ങിയിരിക്കുന്നു.
ജനപ്രിയ സിനിമാസിന്റെ ബാനറില്‍ അര്‍ഷാദ് ടി.പി. നിര്‍മ്മിച്ച സിനിമയില്‍ ശിവപ്രസാദായി എത്തുന്നത് സുദീര്‍ കരമനയും, സഖാവിന്റെ പ്രിയസഖി രോഹിണിയായി എത്തുന്നത് നേഹ സക്‌സാനയുമാണ്. ഷൈന്‍ ടോം ചാക്കോ, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, മേഘ മാത്യു, ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍, ഹരീഷ് കണാരന്‍, നിലമ്പൂര്‍ അയിഷ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഹരികുമാര്‍ ഹരേരാമയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

 

അഞ്ജലി ഇരിങ്ങാലക്കുട

Exit mobile version