ഇരിങ്ങാലക്കുട: ഡ്രൈവര്‍മാരുടെ അഭാവം മൂലം ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി സബ്ബ് ഡിപ്പോ പ്രതിസന്ധിയിലേക്ക്. ഇതുമൂലം ഇവിടെ നിന്നുള്ള പല സര്‍വ്വീസുകളും ഒഴിവാക്കുകയാണ്. 1987ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ട്ടി.സി. ഓപ്പറേറ്റിംഗ് സെന്ററില്‍ നാല് സൂപ്പര്‍ ഫാസ്റ്റും അഞ്ച് പാസഞ്ചറും ഉള്‍പ്പെടെ 29 ഷെഡുകള്‍ക്കായി 31 ബസ്സുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഒരു എയര്‍ ബസ്സും ഗുരുവായൂര്‍ സര്‍വ്വീസിനും വണ്ടി എത്താത്തതിനാല്‍ ആ സര്‍വ്വീസുകള്‍ നടന്നില്ല. പിന്നിട് നഷ്ടത്തിലായ ചില സര്‍വ്വീസുകളും ഒഴിവാക്കിയതോടെ അത് 26 ആയിമാറി. എന്നാല്‍ ഡ്രൈവര്‍മാര്‍ കുറഞ്ഞതോടെ സര്‍വ്വീസുകള്‍ വീണ്ടും കുറഞ്ഞ് ഇപ്പോള്‍ 19നും 21നും ഇടയിലായി. ഇതില്‍ ഒരെണ്ണത്തിന് കേടുപാടുസംഭവിച്ചാല്‍ പകരം ബസ്സില്ലാതെ ആ ട്രിപ്പ് തന്നെ മുടക്കേണ്ട അവസ്ഥയിലാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇരിങ്ങാലക്കുടയിലുണ്ടായിരുന്ന ബസ്സുകള്‍ മറ്റ് ഡിപ്പോകള്‍ക്ക് നല്‍കിയതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പറയുന്നത്. ബസ്സുകളില്‍ രണ്ട് വീതം മണ്ണാര്‍കാട്, വടക്കുംഞ്ചേരി, ചാലക്കുടി എന്നി ഡിപ്പോകളിലേക്ക് നല്‍കി. രണ്ട് ബസ്സുകള്‍ പമ്പയ്ക്ക് സ്പെഷ്യല്‍ സര്‍വ്വീസിനായി കൊണ്ടുപോയി. ഇതൊക്കെ ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഡ്രൈവര്‍മാരില്ലാത്തതാണ് ഇരിങ്ങാലക്കുട സബ്ബ് ഡിപ്പോ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസ്സുകള്‍ അധികമുണ്ടായിരുന്നെങ്കിലും അത് ഓടിക്കുവാനുള്ള ജീവനക്കാരുണ്ടായിരുന്നില്ല. ആവശ്യത്തിന് ജീവനക്കാരെ ലഭിക്കുകയാണെങ്കില്‍ വെട്ടിചുരുക്കാതെ സര്‍വ്വീസുകള്‍ നടത്താന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരിങ്ങാലക്കുടയില്‍ തന്നെ 11 ഡ്രൈവര്‍മാരുടെ കുറവുണ്ട്. ഇതില്‍ എട്ടുപേരെയെങ്കിലും ലഭിച്ചാല്‍ സര്‍വ്വീസുകള്‍ സുഗമമായി നടത്താം. ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി സബ്ബ് ഡിപ്പോ നഗരത്തില്‍ നിന്നും അല്‍പ്പം മാറിയതിനാല്‍ പുലര്‍ച്ചെ ഡ്യൂട്ടിക്ക് കയറേണ്ട ഡ്രൈവര്‍മാര്‍ക്ക് തലേദിവസം തന്നെ ഡിപ്പോയില്‍ വന്ന് കിടക്കേണ്ട അവസ്ഥയാണ്. ഇതുമൂലം പല ഡ്രൈവര്‍മാരും ഇരിങ്ങാലക്കുടയിലേക്ക് വരാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ദിവസകൂലിക്ക് ജോലി ചെയ്തിരുന്ന ഡ്രൈവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇല്ലാതായി. ഡ്യൂട്ടി പരിഷ്‌ക്കരണവും സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാത്തതുമെല്ലാം ദിവസകൂലിക്കാരെ അസംതൃപ്തരാക്കിയതാണ് തിരിച്ചടിയായത്. ഇപ്പോള്‍ നാമമാത്രമായ താല്‍ക്കാലിക ഡ്രൈവര്‍മാര്‍ മാത്രമാണ് ഡിപ്പോയില്‍ ഉള്ളത്. ഡ്രൈവര്‍മാര്‍ക്കോ, ബസ്സുകള്‍ക്കോ കുറവ് വന്നാല്‍ ആദ്യം നിറുത്തുക തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകളാണെന്ന് ആരോപണമുണ്ട്. മൂന്ന് ഡിപ്പോകളില്‍ നിന്നായി 12 കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്റ്റോപ്പുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് മൂന്നെണ്ണമാണ് സര്‍വ്വീസ് നടത്തുന്നത്. ചില ദിവസങ്ങളില്‍ അത് ഒന്നായി കുറയും. ഇത് വണ്ടികളുടെ കളക്ഷനേയും ബാധിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. നേരത്തെ ഈ റൂട്ടില്‍ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കാത്തുനിന്നിരുന്നു. എന്നാല്‍ വണ്ടികള്‍ സ്ഥിരമായി ഓടാത്തതിനാല്‍ ഇപ്പോള്‍ ആരും കെ.എസ്.ആര്‍.ടി.സി. കാത്തുനില്‍ക്കുന്നില്ലെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകളില്‍ ഒന്നാണ് ഇരിങ്ങാലക്കുട. എന്നിട്ടും ഡ്രൈവര്‍മാരുടെ കുറവുമൂലം ബസ്സുകളുടെ സര്‍വ്വീസ് വെട്ടിചുരുക്കുന്നത് ആശാസ്യമല്ലെന്ന് യാത്രക്കാര്‍ പറയുന്നത്. ആവശ്യത്തിന് ഡ്രൈവര്‍മാരെ നിയമിക്കാനും വെട്ടിച്ചുരുക്കിയ സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയും ചെയ്താല്‍ ഇരിങ്ങാലക്കുട ഡിപ്പോയുടെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ് ജീവനക്കാരും ജനങ്ങളും