Home NEWS ലൈറ്റില്ലാത്ത ബൈപാസ് : രാത്രി യാത്ര ദുഷ്‌ക്കരമാക്കുന്നു

ലൈറ്റില്ലാത്ത ബൈപാസ് : രാത്രി യാത്ര ദുഷ്‌ക്കരമാക്കുന്നു

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡ് തുറന്ന് കൊടുത്തെങ്കിലും ആവശ്യത്തിന് വഴി വിളക്കുകള്‍ ഇല്ലാത്തത് ഇതുവഴിയുള്ള രാത്രിയാത്ര ദുഷ്‌ക്കരമാക്കുന്നു. നേരത്തെ റോഡില്‍ പലയിടത്തും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും കത്താത്ത അവസ്ഥയിലാണ്. ഇതുമൂലം റോഡരുകില്‍ മാലിന്യ നിക്ഷേപം തുടരുന്നതായി പ്രദേശവാസികള്‍. പുതുവത്സര സമ്മാനമായിട്ടാണ് ഇരിങ്ങാലക്കുട നഗരസഭ ബൈപ്പാസ് റോഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈപ്പാസ് റോഡില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വഴിവിളക്കുകള്‍ കത്തിക്കാനോ കൂടുതല്‍ വിളക്കുകള്‍ സ്ഥാപിക്കാനോ നഗരസഭ ഇനിയും നടപടിയെടുത്തിട്ടില്ല. ബൈപ്പാസ് റോഡിലെ സോളാര്‍ വിളക്കുകള്‍ ഭൂരിഭാഗവും അറ്റകുറ്റപണികള്‍ നടത്താതെ നാശോന്മുഖമായി കഴിഞ്ഞു. വേണ്ടവിധം ശ്രദ്ധിക്കാതെ നിരവധി ലൈറ്റുകള്‍ നോക്കുകുത്തികളായി. പല വിളക്കുകളും ഒടിഞ്ഞുവീണു. ചിലത് കാടുകയറി. പലതിന്റേയും ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടു. ലക്ഷങ്ങളാണ് ഇതിന്റെ പേരില്‍ നഗരസഭയ്ക്ക് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ഒന്നിന് 27, 400 രൂപ നിരക്കില്‍ 100 സോളാര്‍ വിളക്കുകള്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥാപിച്ചത്. എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും ഇവയുടെ അറ്റകുറ്റപണികള്‍ ഇതുവരേയും നഗരസഭയ്ക്ക് കഴിഞ്ഞീട്ടില്ല. വഴി വിളക്കുകള്‍ കത്താത്തതിന്റെ പേരില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷവും ബൈപ്പാസിലെ ലൈറ്റുകളുടെ കാര്യത്തില്‍ മൗനത്തിലാണ്. ബൈപ്പാസ് റോഡില്‍ അത്യാവശ്യം വേണ്ടതാണ് വഴി വിളക്കുകള്‍. വഴിവിളക്കുകള്‍ ഇല്ലാത്ത ഈ റോഡില്‍ മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചതായി നാട്ടുകാര്‍ പറയുന്നു. ചാക്കുകളിലും കവറുകളിലുമായി റോഡിന്റെ പലഭാഗങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുകയാണ്. ഇതിന് പുറമെ മെഡിക്കല്‍ അടക്കമുള്ള മറ്റ് മാലിന്യങ്ങളും തള്ളുന്നുണ്ട്. റോഡിന്റെ മൂന്നാംഘട്ട ഭാഗത്ത് ഒരു വിളക്കുപോലും നഗരസഭ സ്ഥാപിച്ചിട്ടില്ല. ഇതുമൂലം രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമാണെന്ന് ജനം പറയുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ റോഡില്‍ എത്രയും വേഗം വിളക്കുകള്‍ സ്ഥാപിക്കാന്‍ നഗരസഭ തയ്യാറാകണമെന്നാണ് ജനത്തിന്റെ ആവശ്യം. ഇതിലൂടെ മാലിന്യ നിക്ഷേപത്തിന് ഒരു പരിധിവരെ തടയിടാനാകുമെന്നാണ് ജനം കരുതുന്നത്.

 

Exit mobile version