Home NEWS മതേതരത്തിന്റെ നേര്‍കാഴ്ച്ചയായി പിണ്ടിപെരുന്നാള്‍ പ്രദക്ഷിണം

മതേതരത്തിന്റെ നേര്‍കാഴ്ച്ചയായി പിണ്ടിപെരുന്നാള്‍ പ്രദക്ഷിണം

ഇരിങ്ങാലക്കുട: ഐതീഹ്യങ്ങള്‍ പുനര്‍ജനിച്ചു, വിശുദ്ധന്‍ ഭഗവാനെ കണ്ടു മടങ്ങിയതോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാള്‍ പ്രദക്ഷിണം മതസൗഹാര്‍ദത്തിന്റെ സന്ദേശമായി മാറി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ആല്‍ത്തറക്കല്‍ എത്തിയപ്പോഴാണു ഐതീഹ്യങ്ങള്‍ പുനര്‍ജനിച്ചത്. കത്തീഡ്രലിലെ വിശുദ്ധ ഗീവര്‍ഗീസും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭരതനും സംഗമിക്കുന്ന വേദിയാണു ആല്‍ത്തറ എന്നാണു പഴമക്കാരുടെ വിശ്വാസം. അതുകൊണ്ടുതന്നെയാണ് കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ പള്ളിവേട്ടക്ക് ഭരതഭഗവാന്‍ ക്ഷേത്രത്തില്‍നിന്നും ആല്‍ത്തറക്കലേക്കു എഴുന്നള്ളുന്നതും അവിടെവെച്ച് പന്നിയെ അമ്പ് ചെയ്തു കൊല്ലുന്നതും. അധര്‍മത്തെയും ദുഷ്ടമൂര്‍ത്തിയെയും നിഗ്രഹിച്ച് ധര്‍മപ്രകാശം വിതറുക എന്നുള്ളതാണു ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതുപോലെയാണ് കത്തീഡ്രല്‍ ദേവാലയത്തിലെ പ്രസിദ്ധമായ പിണ്ടിപ്പെരുന്നാളും.പ്രദക്ഷിണം ആല്‍ത്തറക്കല്‍ എത്തുന്നതും ഭരതനോടു യാത്രചൊല്ലി മടങ്ങുന്നതും അധാര്‍മികതയുടെ അന്ധകാരം നീക്കി പ്രത്യാശയുടെ പൊന്‍വെളിച്ചം വീശുവാനും വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിക്കുവാനും നഗരവാസികളോടു ആഹ്വാനം ചെയ്യുകയുമാണു ഈ പ്രതീകാത്മക ആവിഷ്‌കാരങ്ങളുടെ അന്തസത്ത. എല്ലാ വര്‍ഷവും ഇരിങ്ങാലക്കുട കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാള്‍ പ്രദക്ഷിണം ആല്‍ത്തറക്കല്‍വന്ന് തിരിച്ചുപോകുമ്പോള്‍ വിശുദ്ധനും ഭഗവാനും തമ്മില്‍ ഉപചാരം ചൊല്ലി പിരിയുകയാണെന്നാണു ഐതീഹ്യം.
പ്രദക്ഷിണത്തിനു മുന്നില്‍ രണ്ടു കാളവണ്ടികളിലായി നകാരങ്ങളുടെ വരവും രൂപക്കൂടിനു മുന്നില്‍ തൂക്കുവിളക്കേന്തി രണ്ടുപേര്‍ നടന്നുനീങ്ങുന്നതും ചരിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഇന്നലെ രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിക്ക് രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയ് കണ്ണന്‍ചിറ സന്ദേശം നല്‍കി. ഇന്നു രാവിലെ 11 മുതല്‍ വിവിധ അങ്ങാടികളില്‍നിന്നുള്ള അമ്പു എഴുന്നള്ളിപ്പുകള്‍ നടക്കും.

Exit mobile version