Home NEWS കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ശ്രീരാമപട്ടാഭീഷേകം കൂടിയാട്ടം സമാപിച്ചു.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ശ്രീരാമപട്ടാഭീഷേകം കൂടിയാട്ടം സമാപിച്ചു.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ നടന്നുവന്ന ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടം സമാപിച്ചു. ഭാസനാടകം അഭിഷേകാങ്കത്തിലെ ശ്രീരാമ പട്ടാഭിഷേകമാണ് ഞായറാഴ്ച അരങ്ങേറിയത്. അഗ്‌നിപ്രവേശം കഴിഞ്ഞ സീതക്ക് ആപത്തൊന്നും സംഭവിക്കാത്തത് കണ്ട് സന്തുഷ്ടരാകുന്ന ഹനുമാനും ലക്ഷ്മണനും പുളകം കൊള്ളുന്നതോടെയാണ് കൂടിയാട്ടം ആരംഭിക്കുന്നത്. അഗ്‌നി സീതയെ രാമന്റെ അടുത്ത് എത്തിക്കുമ്പോള്‍ ദേവന്‍മാര്‍ സ്തുതി ഗീതം പാടുന്നു. തുടര്‍ന്ന് അഗ്‌നിയുടെ സാന്നിധ്യത്തില്‍ ശ്രീരാമന്റേയും സീതയുടേയും പട്ടാഭിഷേകം നടക്കുന്നു. സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠവാമദേവന്‍മാരായി കൂടല്‍മാണിക്യത്തിലെ തന്ത്രിപ്രമുഖര്‍ കലശാഭിഷേകം നടത്തി. ശേഷം ശ്രീരാമന്‍, സീത, അഗ്‌നി എന്നിവര്‍ ക്ഷേത്രത്തിനകത്ത് ചെന്ന് ദര്‍ശനം നടത്തി. അഗ്‌നിയായി ഗുരു അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരും ശ്രീരാമനായി രജനിഷ് ചാക്യാരും, സീതയായി അപര്‍ണ്ണ നങ്ങ്യാരും രംഗത്തെത്തി. ലക്ഷ്മണനായി മാധവ് ചാക്യാരും, വിഭിഷണനായി രാമന്‍ ചാക്യാരും ഹനുമാനായി രാജന്‍ ചാക്യാരും അരങ്ങിലെത്തി. നെടുമ്പിള്ളി തരണനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അണിമംഗലം വല്ലഭന്‍ നമ്പൂതിരി തുടങ്ങിയവര്‍ തന്ത്രി മുഖ്യരായി ചടങ്ങിന് നേതൃത്വം നല്‍കി.

Exit mobile version