ഇരിങ്ങാലക്കുട : ലോകത്തിന് ശാസ്ത്രീയമായ സംഭാവനകള്‍ നല്‍കിയ രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഭാരതമാണെന്ന് കൊച്ചി മത്സ്യ സമുദ്ര ഗവേഷണ സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ എ.രാമചന്ദ്രന്‍ പറഞ്ഞു. ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് സംഗമഗ്രാമ മാധവ ഗണിത കേന്ദ്രം സംഘടിപ്പിച്ച യുവഗണിത പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദി കാലം മുതല്‍ക്കേ ഇന്ത്യയുടെ ശാസ്ത്രജ്ഞന്‍മാരുടെ സംഭാവനകളെ കുറിച്ച് പല വിദേശ ഗ്രന്ഥങ്ങളിലും സൂചനകളുണ്ട്. സംഗമ മാധവന്റെ സംഭാവനകളെകുറിച്ച് ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിദേശങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇത് പോലെയുള്ള പല ശാസ്ത്രജ്ഞന്‍മാരും ലോകത്തിന്റെ പലഭാഗത്തും ഉണ്ടായിരുന്നു എന്നതാണ് വസ്തുത. എന്നാല്‍ വിരലിലെണ്ണാവുന്ന ശാസ്ത്രജ്ഞന്മാര്‍ മാത്രമാണ് നമ്മുടെ ചരിത്രത്തില്‍ കാണപ്പെടുന്നത്. മറ്റുള്ളവരെല്ലാം ശ്രദ്ധിക്കപെടാതെ പോകുകയാണ് ഉണ്ടായിട്ടുള്ളത്. ഭാരതിയ ശാസ്ത്ര പാരമ്പര്യത്തേകുറിച്ച് സമഗ്രപഠനം നടത്തണം. പി.എച്ച്ഡിക്കുള്ള വലിയ സാധ്യതയായല്ല അതിനെ കാണേണ്ടതെന്നും മറിച്ച് നമ്മുടെ പൈതൃകസമ്പത്ത് അടുത്തറിയഞ്ഞ് അഭിമാനികളാകാനും വരുംതലമുറക്ക് കാലോചിതമായി കൈമാറ്റാനുള്ള ജീവിത ദൗത്യമായി അതിനെ സ്വീകരിക്കണമെന്നും അദ്ദേഹം യുവഗണിതവിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ഇപ്പോഴത്തെ വിദ്യാഭ്യാസം പൈതൃക അറിവിനെ പരിചയപ്പെടുത്തില്ലെന്നു മാത്രമല്ല, പൈതൃക വിരോധികളാക്കുകയും ചെയ്യുന്നു. നമ്മുടെ സംസ്‌കൃത വാങ്മയം മത-ദാര്‍ശനിക വിഷയത്തോടൊപ്പം ശാസ്ത്രവും കൈകാര്യം ചെയ്യുന്നു. 17-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ഗണിതജ്ഞര്‍ ആരംഭിച്ച ഗണിതാപഗ്രഥനം 14-15 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ ആരംഭിച്ചിരുന്നു. അതിനെ അംഗീകരിക്കാന്‍ പാശ്ചാത്യരുടെ അപ്രമാതിത്വബോധം അന്ന് അവരെ അനുവദിച്ചില്ല. ഇന്ന് അവര്‍ അംഗീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അവര്‍ നല്‍കിയ വിദ്യാഭ്യാസ രീതിയുടെ പരിണിത ഫലമായി നമ്മുടെ ശാസത്ര കണ്ടുപിടുത്തങ്ങളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മള്‍ തയ്യാറല്ല. മാധവ ഗണിത കേന്ദ്രം പോലുള്ള സര്‍ക്കാര്‍ ഇതര സംരംഭങ്ങളെ അതുകൊണ്ട് തന്നെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംഗമഗ്രാമ മാധവ ഗണിതകേന്ദ്രം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മാധവ ഗണിതപുരസ്‌ക്കാരം മുംബൈ ഐഐടി പ്രഫസറും പ്രമുഖ ഭാരതിയ ശാസ്ത്ര പണ്ഡിതനമായ ഡോ.രാമസുബ്രഹ്മണ്യത്തിന് കേരള മത്സ്യ-സമുദ്ര ഗവേഷണ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എ.രാമചന്ദ്രന്‍ സമര്‍പ്പിച്ചു. നമ്മുടെ വിദ്യാഭ്യാസത്തില്‍ മഹാന്മാരായ നമ്മുടെ പൂര്‍വ്വികരുടെ സംഭാവനകള്‍ പഠിപ്പിക്കുന്നില്ലെന്നു മാത്രമല്ല നമ്മുടെ പൈതൃകത്തെ മറക്കാനും മറയ്ക്കാനും ശ്രമം നടന്നുകൊണ്ടിരിക്കുന്നുവെന്ന് മാധവഗണിത പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഡോ.രാമസുബ്രഹ്മണ്യം പറഞ്ഞു. സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഡോ. കൈലാസ് വിശ്വകര്‍മ്മ, ശ്രീനിവാസ രാമാനുജ എന്നിവര്‍ സംസാരിച്ചു. ഡോ.എന്‍.സി.ഇന്ദുചൂഡന്‍ അധ്യക്ഷത വഹിച്ചു. ഗണിത കേന്ദ്രം സെക്രട്ടറി എ.വിനോദ്, ജോബി ബാലകൃണന്‍, കെ.വിജയരാഘവന്‍, കെ.എസ്.സനൂപ്, ഇ.കെ.വിനോദ്, കെ.പി.ജാതവേദന്‍ നമ്പൂതിരിപാട്, ഇ.കെ.കേശവന്‍ എന്നിവര്‍ സംസാരിച്ചു. എ.എസ്.സതീശന്‍ സ്വാഗതവും ഷീലപുരുഷോത്തമന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ ഭാരതീയ ക്വിസ്സ് മത്സരത്തില്‍ സമ്മാനര്‍ഹരായ ഗോകുല്‍ തേജസ് മേനോന്‍, അഭിനവ്, അഭിഷേക് പി.ടി എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ചാത്തപ്പിള്ളി പുരുഷോത്തമന്‍ വിതരണം ചെയ്തു.