ഇരിങ്ങാലക്കുട : ഇത്തവണ ഉത്സവഷോപ്പിങിനായി എത്തുന്നവരുടെ കണ്ണുകള്‍ ജിമിക്കികമ്മലിലായിരിക്കുമെന്നുറപ്പാണ്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും ആരെയും ആകര്‍ഷിക്കുന്ന ഈ നക്ഷത്രമാണ് ഇന്ന് വിപണിയുടെ ശ്രദ്ധാകേന്ദ്രം.ആഘോഷങ്ങളുടെ രാവിനു തുടക്കം കുറിച്ചുകൊണ്ട് ക്രിസ്മസ് വിപണിയും അണിഞ്ഞൊരുങ്ങി. തിരുപ്പിറവിയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ നക്ഷത്രം മുതല്‍ കേക്കില്‍ വരെ വൈവിധ്യങ്ങളുമായാണ് വിപണി പൊടിപൊടിക്കുന്നത്. നക്ഷത്രങ്ങളില്‍ സ്റ്റാറായി തിളങ്ങുന്നത് ‘ജിമിക്കികമ്മലാണ്’. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ചില ‘അലങ്കാരപ്രയോഗങ്ങള്‍’ നക്ഷത്രങ്ങളിലുണ്ട്. എട്ട് മുതല്‍ പന്ത്രണ്ട് ദളങ്ങളാണ് ഇതിന്റെ പ്രത്യേകത. ജിമിക്കി കമ്മലിനു പുറമേ ബാഹുബലി, പുലിമുരുകന്‍, വെളിപാടിന്റെ പുസ്തകം തുടങ്ങിയ സിനിമാ സ്റ്റാറുകള്‍ക്കും വലിയ പ്രിയമാണ്. 90 രൂപ മുതലുള്ള നക്ഷത്രങ്ങളുണ്ടെങ്കിലും സിനിമാസ്റ്റാറുകള്‍ക്ക് 240 മുതല്‍ 850 രൂപ വരെയാണ് വില.എല്‍ഇഡി നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. 120 മുതല്‍ 450 രൂപ വരെയാണ് ഇവയുടെ വില. വീടുകളില്‍ ആരും പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കാതായതോടെ ഇവയും വിപണി കീഴടക്കുകയാണ്. മുളയില്‍ നിര്‍മ്മിച്ച കൂടുകള്‍ക്ക് 450 മുതല്‍ ആയിരത്തിയഞ്ഞൂറിലധികമാണ് വില. പൂര്‍ണ്ണമായും പുല്ലില്‍ നിര്‍മ്മിച്ച കൂടുകളും ലഭ്യമാണ്. ക്രിസ്മസ് ട്രീയ്ക്കാണ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിലകൂടിയിട്ടുള്ളത്. 2 അടി മുതല്‍ 12 അടി വരെയുള്ള ട്രീകള്‍ വില്‍പനയ്ക്കെത്തിയിട്ടുണ്ട്. 2 അടിയുള്ള ട്രീയ്ക്ക് 150 രൂപയാണ് വില. ആഘോഷങ്ങളുടെ അവിഭാജ്യഘടകമായ കേക്ക് വിപണിയിലുമുണ്ട് ഇത്തവണ കൗതുകം. 200 രൂപയില്‍ തുടങ്ങുന്ന പ്ലം കേക്കുകള്‍ മുതല്‍ ആയിരം രൂപയിലധികം വിലയുള്ള ചോക്ളേറ്റ് ജംബോ കേക്കുകള്‍ വരെയാണ് പ്രധാന ആകര്‍ഷണം.ബാഹുബലി ഉള്‍പ്പെടെയുള്ള സിനിമകളിലെ ചിത്രങ്ങളുമായി പുറത്തിറങ്ങിയ ആശംസാകാര്‍ഡുകളും വിപണിയെ ആകര്‍ഷിക്കുന്നുണ്ട്. പുല്‍ക്കൂടിനുള്ള അലങ്കാരങ്ങള്‍, എല്‍ഇഡി ബള്‍ബുകള്‍, ക്രിസ്തുമസ് ഫാദറിന്റെ വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്.മാര്‍ക്കറ്റിലെ മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജിഎസ്ടി വന്നതിനു ശേഷമുള്ള ആദ്യ ക്രിസ്മസാണിത്. എന്നാല്‍, വിപണിയെ ഇത് ബാധിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണി കൂടുതല്‍ സജീവമാക്കാന്‍ ചില ഓഫറുകളും നല്‍കുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.