ഇരിങ്ങാലക്കുട: ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളെ പ്രഖ്യാപിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ സ്റ്റേ ഹര്‍ജി ഇരിങ്ങാലക്കുട മുന്‍സിഫ് കോടതി തള്ളി. പുതുക്കാട് കുറുമാലിക്കാവ് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഉപദേശക സമിതി അംഗങ്ങളാണ് സ്റ്റേ ഹര്‍ജി നല്‍കിയത്. കുറുമാലിക്കാവ് ക്ഷേത്രം ഉപദേശക സമിതിയില്‍ 18 ദേശക്കാര്‍ക്കും വിവിധ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കി അംഗങ്ങളായ പൊതുജനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കണമെന്നാണ് ചട്ടം. ചട്ടപ്പടി തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നും പേരുകള്‍ തിരുകി കയറ്റിയെന്നും ആരോപിച്ചാണ് മത്സരാര്‍ത്ഥികളായ രജത് നാരായണന്‍, ശിവദാസന്‍, ജിതിന്‍ലാല്‍, വിജയരാഘവന്‍ എന്നിവര്‍ ദേവസ്വം ഓഫീസര്‍മാര്‍ക്കെതിരെ ഇഞ്ചങ്ങ്ഷന്‍ ഹര്‍ജി നല്‍കിയത്. അന്തിമ ലിസ്റ്റില്‍ തങ്ങളുടെ പേര്‍ ചേര്‍ക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ദേവസ്വം കമ്മിഷണര്‍ ഉപദേശക സമിതി അംഗങ്ങളുടെ പേര്‍ ചേര്‍ത്ത് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മത്സരാര്‍ത്ഥികള്‍ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയെ സമീപിച്ചത്. പുതിയ അംഗങ്ങള്‍ സ്റ്റേ ഹര്‍ജിയിലെ അന്തിമ തീര്‍പ്പിന് വിധേയമായി മാത്രമെ ചാര്‍ജ്ജെടുക്കാവുയെന്നും കോടതി ഉത്തരവിട്ടിരുന്നു. ശേഷം 18 ദേശക്കാരുടെ പ്രതിനിധികള്‍ക്കുവേണ്ടി കിളിയാറെ നന്ദകുമാര്‍ കേസില്‍ കക്ഷി ചേര്‍ന്ന് ഇഞ്ചംങ്ങ്ഷന്‍ ഹര്‍ജിയെ എതിര്‍ത്തു. സമിതിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് 18 ദേശക്കാരും പൊതുയോഗത്തില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ടി. ആക്ഷേപം പരിഗണിക്കാതെ തിരഞ്ഞെടുപ്പ് നടത്തിയതിനെതിരെ നന്ദകുമാര്‍ ഉള്‍പ്പടെ ദേശക്കാര്‍ ദേവസ്വം ബോര്‍ഡിനെ സമീപിച്ചു. ഈ ആക്ഷേപം പരിഗണിച്ച് ചട്ടപ്രകാരം റൊട്ടേഷനും ദേശക്കാരുടെ പ്രാധിനിധ്യവും പരിഗണിച്ച് ബോര്‍ഡ് അന്തിമ ലിസ്റ്റ് പുറപ്പെടുവിച്ചിരുന്നു. ഈ ലിസ്റ്റ് റദ്ദാക്കണമെന്നായിരുന്നു കേസിലെ ആവശ്യം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പടെ ദേശക്കാരുടെ പ്രതിനിധി നന്ദകുമാറിന്റേയും വാദം കേട്ടശേഷം സ്റ്റേ ഹര്‍ജി തള്ളി കോടതി ഉത്തരവിടുകയായിരുന്നു.