ഇരിഞ്ഞാലക്കുട : കുട്ടിക്കാലത്ത് ഒല്ലൂരില്‍ സെവന്‍സ് ഫുട്‌ബോള്‍ കളിച്ചിരുന്ന ഗീവര്‍ഗ്ഗീസ്, ദില്ലിയില്‍ കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയായി പകര്‍ന്നാടി പെണ്ണുപിടിയനായ ജബ്ബാറിനെ മലര്‍ത്തിയടിക്കുമ്പോള്‍ മാനം രക്ഷപെട്ട ലൂസി മരണ്ടിയെ തുണച്ച് ക്രൈസ്റ്റ്കാമ്പസ്സില്‍ തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍ ഹര്‍ഷാരവം മുഴക്കി. ബീഹാറില്‍നിന്ന് ദില്ലിയിലേക്ക് കുടിയേറിയ ആദിവാസിപ്പെണ്ണായ ലൂസിയെ രക്ഷിക്കാന്‍ മറ്റുമാര്‍ഗ്ഗം ഇല്ലാഞ്ഞ് ഗീവര്‍ഗ്ഗീസച്ചന്‍ ഹിഗ്വിറ്റയെപ്പോലെ കളം മാറിക്കളിക്കുകയായിരുന്നു. ഫുട്‌ബോളിന്റെ അവതരണഭാഷ അരങ്ങിന്റെ ഭാഷയായി പരിണമിച്ചപ്പോള്‍ ക്രൈസ്റ്റ്‌കോളേജിലെ തുറവേദിയില്‍ നാടകം കാണാനെത്തിയവര്‍ക്ക് വ്യത്യസ്തമായ അനുഭവമായി.ഫുട്‌ബോളിനെയും നാടകത്തെയും ഒരുപോലെ സ്‌നേഹിച്ച ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് തെക്കന്റെ ഓര്‍മ്മയ്ക്കായി ആഗോള പൂര്‍വ്വവിദ്യാര്‍ത്ഥി നാടകക്കൂട്ടായ്മയും കോളേജ് യൂണിയനും ക്രൈസ്റ്റ് കോളേജും ചേര്‍ന്നാണ് എന്‍.എസ്.മാധവന്റെ പ്രശസ്ത ചെറുകഥ അതേപേരില്‍ നാടകരൂപത്തില്‍ അവതരിപ്പിച്ചത്.ശനിയാഴ്ചയും വൈകീട്ട് നാടകം അവതരിപ്പിക്കും. ഗീവര്‍ഗ്ഗീസച്ചനായി രംഗത്തുവന്ന പി.ആര്‍.ജിജോയ് , ജബ്ബാര്‍ ആയി അഭിനയിച്ച പി.മണികണ്ഠന്‍, ലൂസി ആയി അഭിനയിച്ച അര്‍ച്ചന വാസുദേവ,് ഗീവര്‍ഗ്ഗീസിന്റെ കുട്ടിക്കാലം അഭിനയിച്ച കൃഷ്ണനുണ്ണി,തുടങ്ങിയവര്‍ മികച്ച അഭിനയം കാഴ്ചവച്ചു.പലതരം കളങ്ങളില്‍ ജീവിതം ഒതുക്കപ്പെടുന്ന സമകാലിക അവസ്ഥയില്‍ സമൂഹത്തില്‍ ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണ് എന്ന സന്ദേശമാണ് എന്‍.എസ്.മാധവന്റെ ചെറുകഥയുടെ രംഗാവിഷ്‌ക്കാരം മുന്നോട്ടുവയ്ക്കുത് എന്ന് നേരത്തെ നടന്ന ഉദ്ഘാടനസമ്മേളനം വിലയിരുത്തി. പ്രൊഫ.കെ.യു. അരുണന്‍, എം.എല്‍.എ.നഗരസഭ അദ്ധ്യക്ഷ നിമ്യ ഷിജു, നാടകം സംവിധാനം ചെയ്ത ശശിധരന്‍ നടുവില്‍,സിനിമാസംവിധായകന്‍ പ്രിയനന്ദനന്‍, സിനിമാതാരങ്ങളായ സുധീര്‍ കരമന, ജയശ്രീ ശിവദാസ്, തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്ര, ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍, സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ക്രിസ്റ്റി, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.വി.പി.ആന്റോ, ഫാ.ജോയി പീനിക്കാപറമ്പില്‍, ഫാ.ജോളി ആന്‍ഡ്രൂസ്, പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, വാര്‍ഡ് മെമ്പര്‍ ഫിലോമിന ജോയി, യൂണിയന്‍ ചെയര്‍മാന്‍ വിനയ് മോഹന്‍, ജെയ്‌സ പാറേക്കാടന്‍, ബാബു എന്‍.എല്‍, അഡ്വ.ലിസ വി.പി. എന്നിവര്‍ സംസാരിച്ചു.