Home NEWS വേനലിനെ നേരിടാന്‍ തടയണ നിര്‍മ്മിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

വേനലിനെ നേരിടാന്‍ തടയണ നിര്‍മ്മിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

ഇരിങ്ങാലക്കുട : വേനലിലെ കുടിവെള്ള ക്ഷാമം നേരിടാന്‍ കരുതലായി വെലങ്ങന്‍ തോട്ടില്‍ തടയണ കെട്ടി യുവാക്കള്‍ മാതൃകയായി. ഇരിങ്ങാലക്കുട നഗരസഭയുടെയും, കാറളം പഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള വെലങ്ങന്‍ തോട് പണ്ട് വേനലിലും ജലസമൃദ്ധമായിരുന്നു. നെല്‍കൃഷി ഇല്ലാതായതോടെ ജനുവരി മാസമാകുമ്പോഴേക്കും തോട് വറ്റിവരണ്ടുണങ്ങും. നഗരസഭയിലെ 32,33 വാര്‍ഡുകളിലെ പടിഞ്ഞാറ് ഭാഗത്തെ കിണറുകളില്‍ ഇതോടെ വെള്ളം കുറയുകയും,നിറം മാറുകയും ചെയ്യും.ഇതിനു പരിഹാരമായാണ് പൊറത്തിശ്ശേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തോട്ടില്‍ തടയണ കെട്ടാന്‍ തീരുമാനിച്ചത്. ഡി വൈ എഫ് ഐ പൊറത്തിശ്ശേരി മേഖല സെക്രട്ടറി ടി.യു അനീഷ്, മേഖല പ്രസിഡണ്ട് സി.ആര്‍ മനോജ്, ജോ. സെക്രട്ടറി എം.എസ് സജ്ഞയ് , ശ്രീകുട്ടന്‍.കെ.എസ്, എം.എസ് ശരത്, എം.എ നിധിന്‍,ശിവപ്രസാദ് തുടങ്ങിയ യുവാക്കളുടെ ആവേശം കണ്ടപ്പോള്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രജിത സുനില്‍ കുമാര്‍, കാരുകുളങ്ങര ബ്രാഞ്ച് സെക്രട്ടറി എം.ബി ദിനേശ് പ്രദേശവാസികളായ വട്ടപറമ്പില്‍ പുരുഷോത്തമന്‍ , ഗൗതമന്‍ ,കുഞ്ഞിലിക്കാട്ടില്‍ രാജന്‍, തുടങ്ങിയവരും ഒപ്പം കൂടി.യുവാക്കള്‍ നിര്‍മ്മിച്ച തടയണ ഡി വൈ എഫ് ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം മൃദുല ഗിരീഷ് ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആര്‍.എല്‍ ജീവന്‍ ലാല്‍ സംസാരിച്ചു. പൊറത്തിശ്ശേരി പഞ്ചായത്ത് ഇരിങ്ങാലക്കട നഗരസഭയില്‍ കൂട്ടി ചേര്‍ക്കുന്നതിനു മുമ്പ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള അമ്മിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ നിന്നും പൊറത്തിശ്ശേരി കോട്ടപ്പാടത്തുള്ള ഇപ്പോള്‍ നവീകരണം പൂര്‍ത്തിയാക്കിയ പോട്ടക്കുളത്തിലേക്ക് വെള്ളം പമ്പ് ചെയ്ത് കുളം നിറഞ്ഞൊഴുകുന്ന വെള്ളം വെലങ്ങന്‍ തോട്ടില്‍ ഇപ്പോള്‍ കെട്ടിയതടയണയുടെ സഹായത്താല്‍ കെട്ടി നിര്‍ത്തിയാല്‍ സമീപ പ്രദേശത്തെ വീടുകളിലെ കിണറുകള്‍ വേനലില്‍ ജലസമൃദ്ധമാകും.

Exit mobile version