ഇരിങ്ങാലക്കുട ; അപകടത്തില്‍പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആദിത്ത് അവയവദാന രംഗത്ത് സൃഷ്ടിച്ച പുതുവിപ്ലവത്തിന്റെ വേദനയുടെയും മാതൃകയുടെയും ചിത്രം അനാവരണം ചെയ്യുന്ന സ്വന്തം പിതാവിന്റെ ഹൃദയരക്തത്തിലെഴുതിയ ‘ ദൈവം മോഹിച്ച പുഷ്പം ‘ എന്ന പുസ്തകം കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മേല്‍ പ്രകാശനം നിര്‍വഹിച്ചു.ആകാശത്തോളം ഉയര്‍ന്ന് രാജാതിര്‍ത്ഥികളും കടന്ന് വിശ്വത്തിന് മാതൃക കാണിച്ച ആദിത്തിന്റെ അവയവദാനം ചങ്ക് പൊട്ടുന്ന വേദനയിലും അപരനില്‍ ദൈവത്തേ ദര്‍ശിച്ച മാതാപിതാക്കളുടെയും സുഹ്യത്തുകളുടെയും അനുഭവസാക്ഷ്യമാണ് പുസ്തകത്തിലൂടെ അനാവരണം ചെയ്തിരിക്കുന്നത്.ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.മനു പീടികയില്‍ ആദ്യപ്രതി ഏറ്റുവാങ്ങി.ചടങ്ങില്‍ കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര അദ്ധ്യക്ഷത വഹിച്ചു.കിഡ്‌നി രോഗികള്‍ക്കുള്ള ധനസഹായം സെന്റ് മേരീസ് ചര്‍ച്ച് ചേലൂര്‍ വികാരി ഫാ.ആന്റണി മുക്കാട്ടുക്കരയും കേരള സഭ എഡിറ്റര്‍ ഫാ.വിന്‍സെന്റ് ഈരത്തറയും ഡയാലിസിസിനുള്ള തുക പോള്‍സണ്‍ കല്ലുക്കാരനും വിതരണം ചെയ്തു.ആദിത്ത് ഫൗണ്ടേഷനുള്ള മൂലധനം ബിജോയ് അനന്തത്തുപറമ്പില്‍ കാത്തലിക്ക് സെന്റര്‍ ചെയര്‍മാന്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാംപിള്ളിയ്ക്ക് കൈമാറി.പുസ്തക രൂപികരണത്തിന് നേതൃത്വം നല്‍കിയ പ്രതാപ് സിങ്ങ്,ബാബു കുവ്വക്കാടന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ചാവറ ഫാമിലി ഫോറം പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാളിയേക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി ലിയോണ്‍സ് പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ജ്യോതിസ് കോളേജ് ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു.