ഇരിങ്ങാലക്കുട: ആത്യന്തികമായ തിരഞ്ഞെടുപ്പുകളില്‍ യുവാക്കള്‍ നന്മയുടെ പക്ഷം ചേരണമെന്നും സമൂഹത്തിന്റെ നന്മയായിരിക്കണം യൗവനത്തിന്റെ തീക്ഷണതയെന്നും ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന് മാര്‍ പോളി കണ്ണൂക്കാടന്‍. യുവാക്കള്‍ തൊഴില്‍ മേഖലകളില്‍ ഒരു തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതുപോലെ നന്മയുടേയും വിശ്വാസത്തിന്റേയും മേഖലകളിലും ശ്രേഷ്ടമായത് തിരഞ്ഞെടുക്കാന്‍ യുവാക്കള്‍ ലക്ഷ്യം വയ്ക്കണം. ആത്മഹത്യ, ദയാവധം, അഴിമതി, കൈക്കൂലി എന്നിവയില്‍നിന്ന് പിന്തിരിയേണ്ടത് അനിവാര്യമാണെന്നും അവയോട് സമരസപ്പെടുന്നത് തിന്മയാണെന്നുമുള്ള അവബോധം കാലഘട്ടത്തിന്റെ പ്രവണതകള്‍ക്ക് എതിരായി യുവാക്കളില്‍ നിറയണം. ഇരിങ്ങാലക്കുട രൂപത 14-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാംസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു. ‘ഓഖി’ ചുഴലിക്കാറ്റുമൂലം ദുരന്താവസ്ഥയിലായിരിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കൂട്ടായ ശ്രമത്തിലൂടെ പ്രാര്‍ത്ഥനയും സാമ്പത്തിക-വസ്തു സഹായങ്ങളും വഴി ദുരിതബാധിതരോട് സഹോദരസ്നേഹ മനോഭാവത്തോടെ, ക്രിസ്തുചൈതന്യത്തില്‍ ഒന്നുചേരാന്‍ ബദ്ധശ്രദ്ധമാണെന്ന് ഇരിങ്ങാലക്കുട രൂപത 14-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാംസമ്മേളനം അറിയിച്ചു. ഒരു ദിവസത്തെ വേതനം ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി മാറ്റിവയ്ക്കാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനംചെയ്തു. ആഗതമാകുന്ന ക്രിസ്തുമസ്സിന് ഒരുക്കമായി, നമ്മുടെ ആഘോഷങ്ങള്‍ കമ്പോളവത്ക്കരിക്കപ്പെടുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.’യുവജനം, വിശ്വാസം, വിളിപരമായ വിവേചിച്ചറിയല്‍’ എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഡോ. മാര്ട്ടിന് കല്ലുങ്കല്‍ ക്ലാസ്സുകള്‍ നയിച്ചു. മിഷന് ഞായറാഴ്ച കൂടുതല്‍ സംഭാവനകള്‍ ശേഖരിച്ച ഇടവകകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു.ഫൊറോനകൗണ്സിലുകളുടെ ഏകോപിത റിപ്പോര്‍ട്ട് ശ്രീ തോമസ് തത്തംപിള്ളി അവതരിപ്പിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി – റവ. ഫാ. ജോര്‍ജ്ജ് പാറേമാന്‍, സെക്രട്ടറി ശ്രീ ദീപക് ജോസഫ്, റൂബി ജൂബിലി ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ഡേവിസ് കിഴക്കുംതല, ശ്രീമതി രഞ്ജു സൂബിന് എന്നിവര്‍ സംസാരിച്ചു. രൂപതയിലെ മുഴുവന്‍ ഇടവകകളില്‍നിന്നും സന്യാസസമൂഹങ്ങളില്‍നിന്നും വിവിധ പ്രസ്ഥാനങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.