Home NEWS അഞ്ചുലക്ഷം രൂപ ചിലവില്‍ പടിയൂരിലെ സുന്ദരഭവനം

അഞ്ചുലക്ഷം രൂപ ചിലവില്‍ പടിയൂരിലെ സുന്ദരഭവനം

പടിയൂര്‍ : വീടുകളുടെ നിര്‍മാണ ചിലവ് കോടികളും പിന്നിട്ട് മുന്നേറുമ്പോള്‍ വെറും അഞ്ചുലക്ഷം രൂപ ചിലവില്‍ വീട് നിര്‍മിക്കാനാകുമെന്നത് പലര്‍ക്കും വിശ്വസിക്കാനാകില്ല. പക്ഷേ സംഗതി സത്യമാണ്. ചിലവ് തുച്ഛമാണെങ്കിലും വീട് ഉഗ്രനാണ്. കണ്ടാല്‍ ആര്‍ക്കും കൊതി തോന്നിക്കുന്ന വീട് നിര്‍മ്മിച്ചിരിക്കുന്നത് പടിയൂര്‍ പഞ്ചായത്തിലെ പോത്താനിയിലാണ്.വീട്ടുടമയായ സന്ദീപ് പോത്താനി സ്വന്തമായാണ് വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ‘ഫാഷന്‍ അനുസരിച്ച് ഒരു പുല്‍നാമ്പുപോലും ബാക്കി നിര്‍ത്താതെ പറമ്പ് വടിച്ചു നിരപ്പാക്കി ‘കോണ്‍ക്രീറ്റ് മാളിക പണിയുന്ന രീതിയോടുള്ള കടുത്ത വിയോജിപ്പായിരുന്നു ഉടമയായ സന്ദീപ് പോത്താനിയ്ക്ക്.വീടുപണിയാനായി മരങ്ങള്‍ മുറിച്ചു മാറ്റില്ല, നമ്മുടെ ചുറ്റുപാടില്‍ നിന്ന് ലഭിക്കുന്ന നിര്‍മാണ സാമഗ്രികള്‍ കൂടുതലായി ഉപയോഗിക്കും, അതില്‍ത്തന്നെ ഓട് അടക്കമുള്ളവ പഴയതു മാത്രം മതി എന്നിങ്ങനെയുള്ള ‘കടുത്ത നിലപാടുകളാണ് വീടുപണിസമയത്ത് അയാള്‍ കൈകൊണ്ടത്.പുതിയ നിര്‍മാണസാമഗ്രികള്‍ കഴിവതും ഒഴിവാക്കുക. പുനരുപയോഗിക്കാവുന്ന സാധനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. അങ്ങനെ, വീടുപണിയുടെ പേരില്‍ നടത്തുന്ന പ്രകൃതിദ്രോഹ നടപടികളില്‍ നിന്ന് ആവുന്നത്ര അകലം പാലിക്കുക. ഇതായിരുന്നു ആഗ്രഹം.ഡിസൈനിലെ പുതുമയോട് വലിയ താല്‍പര്യം ഇല്ലായിരുന്നു. അതിനാല്‍ത്തന്നെ രൂപകല്‍പനയില്‍ വലിയ പരീക്ഷണങ്ങളൊന്നും നടത്താനും ഇയാള്‍ തയ്യാറായില്ല. പ്രകൃതിയോടിണങ്ങിയ നിര്‍മാണ സാമഗ്രികള്‍ തിരഞ്ഞെടുക്കുന്നതിലും അവ പരമാവധി ഉപയോഗക്ഷമമാക്കുന്നതിലുമായിരുന്നു ശ്രദ്ധ.രണ്ട് കിടപ്പുമുറി, അടുക്കള, ഒരു ഹാള്‍, ഹാളിനുള്ളില്‍ ചെറിയ ഓപ്പണ്‍ കിച്ചന്‍, രണ്ട് ബാത്ത് റൂം, മൂന്നു ഭാഗത്തും നീളമുള്ള വരാന്തകള്‍ എന്നിവയാണ് വീട്ടിലുള്ളത്. മൊത്തം 900 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം.തറയുടെ പൊക്കം 3 അടിയാണ്. ഒന്നരയടി താഴ്ചയില്‍ ഫൗണ്ടേഷനും ഒന്നരയടി പൊക്കത്തില്‍ ബേസ്മെന്റും. കരിങ്കല്ലില്‍ പണിത  തറയുടെ മുകളില്‍ കോണ്‍ക്രീറ്റും അതിനു മുകളില്‍ ഇഷ്ടികക്കെട്ടുമാണുള്ളത്. മുന്‍വശത്തെ വാതിലുകളും ജനല പാളികളും തടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബാത്ത്റൂമിന്റെ വാതില്‍ നിര്‍മാണത്തിന് പി.വി.സിയാണ് ഉപയോഗിച്ചിരിക്കുന്നത്.പൊക്കമുള്ള ജനാലകളുടെ അഴികള്‍ നിര്‍മ്മിക്കാന്‍ ഇരുമ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു പാളികളുള്ള നാല് ജനാലകളാണ് വീട്ടില്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഹാളിലെ ചുവരിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഇരിപ്പിടത്തിന് പുറകിലായി ഒരു നാലുപാളി ജനലുമുണ്ട്. ഇഷ്ടികയും സിമന്റ് കട്ടയുമാണ് വീടിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.  ചില ഭിത്തികള്‍ നിര്‍മ്മിതി മോഡലില്‍ എട്ടുവണ്ണത്തില്‍ ഉള്ളു പൊള്ളയായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.വീടിന്റെ മേല്‍ക്കൂര ഇരുമ്പ് പൈപ്പുകള്‍ക്ക് മുകളില്‍ പഴയ ഓടുകള്‍ പാകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. ചെലവു കുറയുക മാത്രമല്ല, വീടിനുള്ളിലെ ചൂടു കുറയുവാനും ഇതു മൂലം സാധിയ്ക്കും. പൂര്‍ണ്ണമായും കളിമണ്ണില്‍ നിര്‍മ്മിച്ച തറയോടുകള്‍ ഉപയോഗിച്ചിട്ടുണ്ട്.അത്യാവശ്യത്തിനുള്ള ഇലക്ട്രിക് പോയിന്റുകള്‍ മാത്രമാണ് വീട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു മുറിയില്‍ ഒരു ലൈറ്റ്, ഒരു ഫാന്‍, ശുചിമുറികളില്‍ ഒരു പൈപ്പും, ക്ലോസറ്റും ആണ് ക്രമീകരിച്ചിരിക്കുന്നത്. അടുക്കളയുടെ സ്ലാബ് ടൈല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
Exit mobile version