ഇരിങ്ങാലക്കുട: പാര്‍പ്പിട പദ്ധതി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മുന്‍ കൗണ്‍സിലറുടെ ഭൂമി ക്രയവിക്രയം ചെയ്യുന്നതിനെതിരെ നിരോധന ഉത്തരവ്. പെരിഞ്ഞനം ചക്കരപ്പാടം കുരുതുകുളം വീട്ടില്‍ ബിജു, ഭാര്യ ബബിത എന്നിവര്‍ പബ്ലിക് യൂട്ടിലിറ്റി സര്‍വ്വീസുകള്‍ക്കായുള്ള പെര്‍മെനന്റ് ലോക അദാലത്തില്‍ നല്കിയ പരാതിയിലാണ് മുന്‍ കൗണ്‍സിലര്‍ ലോറന്‍സ് ചുമ്മാറിന്റെ ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലോറന്‍സ് ചുമ്മാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുതുമ ജീവകാരുണ്യ പ്രവര്‍ത്തന സഹായ സംഘത്തിന്റെ ” വാടക വീട്ടില്‍ നിന്ന് വീടില്ലാത്തവര്‍ക്ക് മോചനം- അയ്യായിരം രൂപയടച്ച് വീട് സ്വന്തമാക്കു” എന്ന പദ്ധതിയിലൂടെയായിരുന്നു തട്ടിപ്പെന്ന് ബിജു അദാലത്തിന് നല്കിയ പരാതിയില്‍ ആരോപിക്കുന്നു. പുതുമ ന്യൂ ഗോള്‍ഡന്‍ പാര്‍പ്പിട പദ്ധതിയുടെ പേരില്‍ സിജു ചിറ്റിലപ്പിള്ളി എന്നയാളുടെ ഉടമസ്ഥതിയിലുള്ള കാറളത്തെ 85 സെന്റ് വഹകളിലാണ് പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. പദ്ധതി പ്രകാരം അഞ്ച് സെന്റ് സ്ഥലവും 600 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് 19 ലക്ഷം രൂപ ചിലവ് വരുമെന്നും മുന്‍കൂറായി മൂന്നര ലക്ഷം വേണമെന്നുമാണ് ലോറന്‍സ് പറഞ്ഞിരുന്നത്. ഇതെല്ലാം രേഖപ്പെടുത്തിയ കരാര്‍ ഒപ്പുവയ്ക്കുകയും ആദ്യഘഡുവായി മൂന്നര ലക്ഷം രൂപയും കൂടാതെ 53000 രൂപ കൂടി 2016 ഫെബ്രുവരി 28ന് ലോറന്‍സ് കൈപറ്റുകയും ചെയ്തു. ആറുമാസത്തിനകം വഹകള്‍ തീറുനല്‍കാമെന്നും ബാക്കി തുക വീട് പണി പൂര്‍ത്തിയായശേഷം താക്കോല്‍ കൈമാറുന്ന സമയം നല്കിയാല് മതിയെന്നുമായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലോറന്‍സ് ചുമ്മാറും മറ്റും കരാര്‍ പ്രകാരമുള്ള വഹകള്‍ തീറുനല്‍കുകയോ, വീട് നിര്‍മ്മിച്ചുനല്‍കുകയോ ഉണ്ടായില്ല. തുടര്‍ന്ന് പോലിസില്‍ പാരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് ഏറ്റിരുന്ന സ്ഥലം ഒരു വലിയ പാടശേഖരത്തിന്റെ ഭാഗമാണെന്നും ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് ലോറന്‍സും കൂട്ടരും പണം തട്ടിയെടുത്തതെന്നും പരാതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞമാസം 30ന് ഹര്‍ജി പരിഗണിച്ച പെര്‍മിനന്റ് ലോക അദാലത്ത് ചെയര്മാന് എസ്. ജഗദീഷ്, അംഗങ്ങളായ സി. രാധാകൃഷ്ണന്, പി.ജി ഗോപി എന്നിവരടങ്ങിയ ബെഞ്ച് എറണാകുളം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്.