.ഇരിഞ്ഞാലക്കുട: വിദ്യാര്‍ത്ഥികളില്‍ കരുണയുടെ ഉറവ വറ്റിയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റിലെ ‘തവനീഷ്’ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സമയോചിതമായ ജീവകാരുണ്യ ഇടപെടലുകള്‍ ശ്രദ്ധേയമാകുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് വ്യക്തികള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ധനസഹായത്തിന്റെ കൈത്താങ്ങ് നല്‍കി. അരാഷ്ട്രീയതയും തന്‍കാര്യലാഭവും മാത്രം ആരോപിക്കപ്പെടുന്ന ന്യൂജെന്‍കാലത്തെ കാമ്പസ്സുകളില്‍നിന്ന് വ്യത്യസ്തമാകുകയാണ് അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്. കോളേജിലെ രണ്ടാംവര്‍ഷ ഗണിതശാസ്ത്രവിദ്യാര്‍ത്ഥിനി ആര്യലക്ഷ്മിയുടെ പിതാവ് സി.കെ. ദില്ലന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആദ്യഗഡുസഹായമായി ഒരുലക്ഷത്തി അറുപതിനായിരം രൂപ വിദ്യാര്‍ത്ഥികളില്‍നിന്നും അദ്ധ്യാപകരില്‍ നിന്നും പിരിച്ചെടുത്ത് നല്‍കിയ തവനീഷ് പ്രവര്‍ത്തകര്‍ വഴിമുട്ടിനിന്ന ഒരു കുടുംബത്തിനാണ് പ്രതീക്ഷ നല്‍കിയത്. ഇന്നലെ (ചൊവ്വാഴ്ച) കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍ ബന്ധുക്കള്‍ക്ക് ധനസഹായം കൈമാറി. വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ.ജോയി പീനിക്കപറമ്പില്‍ പ്രൊഫ.വി.പി.ആന്റോ, സ്റ്റാഫ് അഡൈ്വസര്‍ ഡോ.ടി.വിവേകാനന്ദന്‍, പ്രൊഫ.ടിന്റുമോള്‍ സണ്ണി, എന്നിവര്‍ സംസാരിച്ചു. കോളേജ് യൂണിയന്റെ വിഹിതമായ നാല്പതിനായിരം
ഉടന്‍ നല്‍കുമെന്ന് ചെയര്‍മാന്‍ വിനയ് മോഹന്‍ പറഞ്ഞൂ.
ഉദ്ദേശം ഇരുപതുലക്ഷത്തോളം രൂപ ശസ്ത്രക്രിയയ്ക്ക് ചെലവാകുമെന്ന് കണക്കാക്കപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ സഹായം കൂടി ലഭിച്ചതോടുകൂടി ആകെയുള്ള
നാലുസെന്റിലെ വീട് പണയം വച്ചിട്ടായാലും ശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആര്യലക്ഷ്മിയുടെ കുടുംബം. നാട്ടുകാര്‍ പിരിവെടുത്ത് നല്‍കുന്ന സഹായവും അവര്‍ പ്രതീക്ഷിക്കുന്നു.ഒപ്പംതന്നെ ഒല്ലൂര്‍ പടവരാട് റോഡിലെ പുറമ്പോക്കില്‍ ഏതുനിമിഷവും നിലംപൊത്താവുന്ന ചെറുകൂരയ്ക്കുള്ളില്‍ കഴിയുന്ന പടമാടന്‍ അന്തോണിയുടെ മൂത്തമകന്‍ ബിനുവിന് അടിയന്തര സഹായം ബുധനാഴ്ച കൈമാറി തവനീഷ് പ്രവര്‍ത്തകര്‍
വീണ്ടും മാതൃകയായി. കഴിഞ്ഞ ദിവസമാണ് ബിനുവിനെ അവശനിലയില്‍ ഒല്ലൂര്‍ ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിദഗ്ദ്ധചികില്‍സ
നിര്‍ദ്ദേശിച്ചുവെങ്കിലും സ്‌കാനിംഗ് അടക്കമുള്ള പ്രാഥമിക ചികില്‍സയ്ക്കുപോലും പണമില്ലാതെ വിഷമിക്കുന്നതുകണ്ട് തൊട്ടടുത്ത മുറിയില്‍ കഴിഞ്ഞിരുന്ന ഒല്ലൂര്‍ സ്വദേശി ലുദിയ ടീച്ചര്‍ താന്‍ മുമ്പ് ട്യൂഷന്‍ പഠിപ്പിച്ചിരുന്ന ക്രൈസ്റ്റിലെ ബി.ബി.എ. അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി ആന്‍ലിയെ വിവരമറിയിച്ചു. ബിനുവിന്റെ അമ്മയും ഏകസഹോദരനും എല്ലു വളഞ്ഞ് ഒടിയുന്ന രോഗം മൂലം യാതൊരു വരുമാനവും ഇല്ലാതെ കഷ്ടപ്പെടുകയാണ്. ദീര്‍ഘകാലമായി തുടരുന്ന രോഗത്തിന് മരുന്നിനുപോലും പണമില്ലാതെ കുടുംബം ഞെരുങ്ങുന്നതിനിടയിലാണ് ക്രൈസ്റ്റില്‍നിന്ന് അപ്രതീക്ഷിതമായ സഹായം എത്തിയത്. തവനീഷിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രൊഫ. മൂവീഷ് മുരളിയുടെ നേതൃത്വത്തില്‍ ഏകദേശം ഒരുമണിക്കൂര്‍ കൊണ്ടാണ് പതിനായിരം രൂപ സമാഹരിച്ചത്. ക്രൈസ്റ്റ് കോളേജിന്റെ പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ
ജെറിന്‍, സയന, റോസ്‌മേരി എന്നിവര്‍ ഇന്ന് ഉച്ചയോടെ ബിനുവിന്റെ വീട്ടിലെത്തി സഹായധനം കൈമാറി. സമൂഹത്തിന് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന തവനീഷ്
എന്ന സംഘടനയുടെ പ്രവര്‍ത്തനം ഇക്കൊല്ലം മുതല്‍ കോളേജിന്റെ ഔദ്യോഗിക പ്രവര്‍ത്തനമായി അംഗീകരിച്ചതായി ഡോ.മാത്യു പോള്‍ ഊക്കന്‍ അറിയിച്ചു