പറപ്പൂക്കര: പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍, 5-ാം വാര്‍ഡില്‍, നെല്ലായി വില്ലേജില്‍, പന്തല്ലൂര്‍ ദേശത്ത് താമസിക്കുന്ന ചേന്ദമംഗലത്തുക്കാരന്‍ ഔസേഫ് മകന്‍ പോള്‍സണ്‍ (33) എന്ന യുവാവ് സഹായം തേടുന്നു. ജോലി സംബന്ധമായ ആവശ്യത്തിനായി തൃശ്ശൂരില്‍ പോയി മടങ്ങുമ്പോള്‍ പോള്‍സണും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്ക് പുറകിലിടിച്ച് മറിയുകയുകയായിരുന്നു. അപകടത്തില്‍ പോള്‍സണ് തലയ്ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ഒരു കണ്ണിന്റെ കാഴ്ചയും ഒരു ചെവിയുടെ കേള്‍വിയും പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് അപസ്മാരവും വരുന്നുണ്ട്. ദീര്‍ഘകാലം തൃശ്ശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു കണ്ണിനും തീരെ കാഴ്ചയില്ലാത്ത മുന്‍ പൊതുപ്രവര്‍ത്തകനും പത്രഏജന്റുമായിരുന്ന ഔസേഫും പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന ആനിയുമാണ് മാതാപിതാക്കള്‍. രണ്ട് ഓപ്പറേഷനുകള്‍ ചെയ്താല്‍ പോള്‍സന്റെ കാഴ്ചയും കേള്‍വിയും തിരിച്ചു കിട്ടുകയും അപസ്മാരം മാറുകയും ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വലിയൊരു തുക ഇതിനായി ചിലവ് വരും. വളരെയേറെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിനുവേണ്ടി പറപ്പൂക്കര പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ സാനി രക്ഷധികാരിയായി ഫെഡറല്‍ ബാങ്കില്‍ പുതിയ ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഉദാരമനസ്സുകളുടെ സഹായത്തിനുവേണ്ടി ഈ കുടുംബം അപേക്ഷിക്കുന്നു.