Home എഴുത്താണി ഒ.എന്‍.വി. കവിതയുടെ അന്ത:സത്ത

ഒ.എന്‍.വി. കവിതയുടെ അന്ത:സത്ത

ചിതയില്‍ നിന്നുണ്ടാ
 നുയിര്‍ത്തെഴുനേല്‍ക്കും!
 ചിറകുകള്‍ പൂ പോല്‍.
 വിടര്‍ത്തെഴുന്നേല്‍ക്കും   (ഫീനിക്സ്)
പുരാണ പ്രസിദ്ധമായ ഫീനിക്സിനെപ്പോലെ ഒ.എന്‍.വി.യുടെ കാവ്യസിദ്ധികള്‍ പാരമ്പ്യത്തിന്റെ പൊന്‍ തൂവല്‍ പെട്ടിച്ച് അനശ്വരമായ അനുഭൂതി മണ്ഡലത്തിലേക്ക് അനുവാചകനെ ആനയിക്കുന്നു. വിപ്ലവ കവിതകളും, കാല്പനികശൈലിയും അദ്ദേഹത്തിന്റെ ആദ്യകാല കവിതകളുടെ പ്രത്യേകതയായിരുന്നു. സമകാലീനരായ പി.ഭാസ്‌കരനും വയലാറും സ്വന്തം പ്രവൃത്തിപഥംവിട്ട് ചലച്ചിത്രരംഗവുമായി ഇഴുകിച്ചേര്‍ന്നപ്പോഴും അദ്ദേഹം കവിതയെ കൈവിടാന്‍ ഒരുക്കമായിരുന്നില്ല.ഗ്രാമീണ കാവ്യനിര്‍മ്മിതിയില്‍ ഒ.എന്‍.വി. പ്രത്യേകമൊരു പ്രാഗത്ഭ്യം പ്രകടിപ്പിച്ചിരുന്ന ഒരു കാലത്ത് എല്ലാവരുടെ ചുണ്ടുകളിലും തത്തിക്കളിച്ചിരുന്ന പൊന്നരിവാളമ്പളിയില്‍ ….. തുടങ്ങിയ ഗാനങ്ങള്‍ ഗ്രാമ്യസംഗീതത്തിന്റെയും നാടന്‍ സംസ്‌ക്കാരത്തിന്റെയും ആവാസഭൂമിയാണ്,  ഏതുവിഷയമായാലും ശരി അതിനെ കൈകാര്യം ചെയ്യുന്ന പ്രത്യേകതകളിലാണ് ഒരു കലാകാരന്റെ വ്യക്തിത്വം കുടികൊള്ളുന്നത് എന്ന ആശയം സാക്ഷാത്കരിയ്ക്കുന്നു, ഒ.എന്‍.വി. കവിത. സംഗീതമെന്ന സ്വയം അനുഭൂതിദായകമായ അന്തരീക്ഷത്തിലേക്ക് അനുവാചകനെ ആകര്‍ഷിക്കുന്നു കവിതകളോരോന്നും. എഴുത്തുകാരനും, വായനക്കാരനും തമ്മിലുള്ള അകലം കുറയ്ക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നതും ഈ മായിക സംഗീതത്തിന്‍രെ സ്വാശ്രയഭംഗിയാണ്. വ്യക്തികള്‍ അടങ്ങുന്ന സമൂഹത്തിന് ചില പൊതുവായ പ്രശ്നങ്ങള്‍, വിഷയങ്ങളുണ്ടങ്കിലും, വ്യക്തിയുടെ ലോലവും, നിഗൂഢവുമായ അനുഭൂതിമേഖലകള്‍ അനാവരണം ചെയ്യുമ്പോഴാണ് ഒ.എന്‍.വി. കവിതയുടെ തനിമ പൂര്‍ണ്ണമായി അനുഭവപ്പെടുന്നത്്. സ്വകാര്യ ദുഖങ്ങളുടെ ഭണ്ഡാഗാരവുംപേറി ഒരു മുത്തുച്ചിപ്പിയെപ്പോലെ തപസ്സു ചെയ്തീരുന്ന കവി മലയാളശാഖയിലെ ഒരു ഏകാന്ത പഥികനായിരുന്നു. തന്റെ ഏകാന്തതയും ദുഖവും കരളില്‍പേറുമ്പോഴും, ഏതെങ്കിലുമൊരു നല്ല നാളെയില്‍ ചിപ്പിതുറക്കപ്പെടുമെന്നും, മുത്തിനെ പ്പോലെ പുഞ്ചിരിപൊഴിക്കാനാവുമെന്നും കവി പ്രത്യാശിക്കുന്നു.ഒ.എന്‍.വി. കവിതയെ സമീപിയ്ക്കുമ്പോള്‍ നമ്മെ കൂടുതലാകര്‍ഷിക്കുന്നത്് ദുഖത്തിന്റെ അന്തര്‍ധാരകളാണ്്. ദുഖത്തെ ആവഹിച്ച്്, തന്നിലേക്കടുപ്പിച്ച് തന്റെ ദുഖമാക്കിമാറ്റുന്ന ( ഒരര്‍ത്ഥത്തില്‍ കൂടുവിട്ട് കൂടുമാറി) ഒരു രാസപ്രക്രിയയായിരുന്നു, അദ്ദേഹത്തിന് കവിതാ നിര്‍മ്മാണം. ബീജത്തെ വഹിക്കുന്ന മാതാവിന്റെ ഗര്‍ഭപാത്രംപോലെ, പാകതവന്ന് ശരിയായ രൂപഭാവങ്ങളില്‍ മാത്രമേ അദ്ദേഹത്തില്‍ കാവ്യശിശുവായി അവതരിക്കാറുള്ളു. പുഴുവെ പൂമ്പാറ്റയാക്കി മാറ്റുന്ന ദീര്‍ഘതപസിയും, അന്വേഷണ ബുദ്ധിയും ഒന്നിണങ്ങിയ ഒ.എന്‍.വി. കവിതകള്‍ അനുവാചകര്‍ ഇനിയും അടുത്തറിയാനിരിയ്ക്കുന്നേയുള്ളൂ.
Exit mobile version