ഇരിങ്ങാലക്കുട : മലബാര്‍ മിഷനറി ബ്രദേഴ്‌സ് (എം.എം.ബി) സന്യാസ സമൂഹ സ്ഥാപകന്‍ മോണ്‍. വാഴപ്പിള്ളി സക്കറിയാസച്ചന്റെ 28-ാം ചരമവാര്‍ഷികം ഇന്ന് ആചരിക്കും. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട ദൈവപരിപാലന ഭവനത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10.30 ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലിക്കും അനുസ്മരണ ശുശ്രൂഷക്കും മുഖ്യകാര്‍മികത്വം വഹിക്കും. 1947 ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വിദേശ മിഷനറിമാരുടെ സേവനം നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ്, പ്രാര്‍ഥനയും സേവനവും മുഖമുദ്രയായ ഒരു സൊസൈറ്റി രൂപീകരിക്കുന്നതിനായി 1948-ല്‍ എം.എം.ബി സന്യാസ സമൂഹത്തിന് സക്കറിയാസച്ചന്‍ രൂപം കൊടുത്തു. തൃശൂര്‍ രൂപതാ മൈനര്‍ സെമിനാരി റെക്ടര്‍, പാലക്കാട് രൂപതയുടെ പ്രാരംഭ ശില്‍പി, തൃശൂര്‍ രൂപത വികാരി ജനറാള്‍, വടവാതൂര്‍ മേജര്‍ സെമിനാരി റെക്ടര്‍, ഇരിങ്ങാലക്കുട മൈനര്‍ സെമിനാരി സ്പിരിച്ച്വല്‍ ഫാദര്‍, സ്പിരിച്ച്വാലിറ്റി സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എം.എം.ബി സന്യാസ സമൂഹത്തിന്റെ മാതൃഭവനമായ മരിയാപുരം മിഷന്‍ഹോമില്‍ 1959 ല്‍ അദ്ദേഹം ദിവ്യകാരുണ്യ നിത്യാരാധന സ്ഥാപിച്ചു. തൊഴിലാളികള്‍ക്ക് സംഘടിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും മാര്‍ഗമില്ലാതിരുന്ന കാലത്ത് കല്ലൊര തൊഴിലാളി യൂണിയന്‍, പീടികത്തൊഴിലാളി യൂണിയന്‍, കശുവണ്ടി തൊഴിലാളി യൂണിയന്‍, ഓട്ടുകമ്പനി തൊഴിലാളി യൂണിയന്‍, റിക്ഷാ തൊഴിലാളി യൂണിയന്‍ തുടങ്ങി 40-ഓളം ട്രേഡ് യൂണിയനുകള്‍ സ്ഥാപിച്ച് സമൂഹത്തിലെ അശരണരും അവഗണിക്കപ്പെട്ടവരുമായവരുടെ ഉന്നമനത്തിനായി പ്രയത്‌നിച്ചു. വൃദ്ധമന്ദിരങ്ങള്‍, നിര്‍ധനരും നിരാലംബരുമായ കുട്ടികളുടെ വിദ്യാഭ്യാസം, സദ്‌സ്വഭാവ രൂപീകരണം തുടങ്ങിയവ ലക്ഷ്യമിട്ടു തുടങ്ങിയ ബാലഭവനങ്ങള്‍, ബുദ്ധിമാന്ദ്യ നിവാരണ കേന്ദ്രങ്ങള്‍, ജയില്‍ വിമോചിതരുടെ പുനരധിവാസം മുതലായവയിലൂടെ സമൂഹത്തില്‍ പ്രയത്‌നിച്ച സക്കറിയാസച്ചന്‍ ആരംഭിച്ച എം.എം.ബി സമൂഹം ഇന്ന് കേരളം, തമിഴ്‌നാട്, ആന്ധ്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗണ്ഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് സാമൂഹ്യ സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here