ഇരിങ്ങാലക്കുട:പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് ലൈനുകള്‍
സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാട്ടൂര്‍ മേഖലയില്‍ നിലനില്‍ക്കുന്ന
പ്രശ്‌നങ്ങള്‍ക്ക് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ അടിയന്തിരപരിഹാരം
കാണണമെന്ന് താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. മയക്കമുരുന്ന് മാഫിയകളുടെ
പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും നിരന്തരം ജാഗ്രത
പുലര്‍ത്തണം. ബസ് സര്‍വ്വീസുകള്‍ കുറവുള്ള കാറളം പോലെയുള്ള മേഖലകളില്‍
ഞായറാഴ്ചകളില്‍ ട്രിപ്പ് മുടക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഈ
റൂട്ടുകളില്‍ ബദര്‍ സംവിധാനം ഏര്‍പ്പെടുത്താതെ ബസ്സുകള്‍ മറ്റ്
ആവശ്യങ്ങള്‍ക്കായി ട്രിപ്പ് മുടക്കുന്ന നടപടിയില്‍ യോഗം അതൃപ്തി
അറിയിച്ചു. മഴക്കാലത്ത് വ്യക്ഷങ്ങള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍
ഒഴിവാക്കാന്‍ കെ.എസ്.ഇ.ബി., പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് എന്നിവ
അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്ന് ആര്‍.ഡി.ഒ. ഡോ. എം.സി. റെജിന്‍
യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പുത്തന്‍ചിറയിലെ കരിങ്ങാച്ചിറ
പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തികരിക്കുന്നതിനുള്ള അടിയന്തിര
നടപടികള്‍ റവന്യൂ പൊതുമരാമത്ത് വകുപ്പുകള്‍ സ്വീകരിക്കണം. പുത്തന്‍ചിറ
പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കൊണ്ടിരിക്കുന്ന ഗെയില്‍ പൈപ്പുകള്‍ നീക്കി
കൃഷി ചെയ്യുന്നതിന് സാഹചര്യമൊരുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പുഴയോര
സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ ഇറിഗേഷന്‍
വകുപ്പിന് നല്‍കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  വികസനസമിതി യോഗങ്ങളില്‍
ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
വിവിധ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം
നല്‍കുന്നതിന് നിയോഗിക്കപ്പെട്ടീട്ടുള്ള ഉദ്യോഗസ്ഥര്‍ തന്നെ ഹാജരാകണം.
യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ട ഉദ്യോഗസ്ഥര്‍
വിട്ടുനില്‍ക്കുന്നത് കൃത്യവിലോപമായി കാണുമെന്ന് യോഗം മുന്നറിയിപ്പ്
നല്‍കി.
പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here