ആളൂര്‍ : സംസ്ഥാന പാതയായ പോട്ട -മൂന്ന്പീടിക റോഡില്‍ റീ ടാറിംഗ് നടത്തിയപ്പോള്‍ ചിലയിടങ്ങളില്‍ ഒഴിവാക്കിയിട്ടത് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി ആക്ഷേപം.കഴിഞ്ഞദിവസം വല്ലക്കുന്നില്‍ ബൈക്ക് യാത്രികയായ പരിയാരം പാറയ്ക്ക ജോസിന്റെ ഭാര്യ നൈസിയുടെ മരണത്തിനിടയാക്കിയതും റോഡിലെ ടാറിംഗ് അപാകതയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഞായരാഴ്ച വൈകുന്നേരം ഇരിങ്ങാലക്കുടയില്‍ നിന്ന് ചാലക്കുടിയിലേയ്ക്ക് ഭര്‍ത്താവ് ജോസിനോപ്പം ബൈക്കില്‍ പോകുകയായിരുന്നു.ഇവരുടെ ബൈക്കില്‍ പിന്നിലൂടെ വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം.ടാറിംഗ് നടത്താതെയുള്ള ഭാഗത്ത് റോഡിലെ ഉയരവ്യത്യാസം അറിയാതെ കുഴിയില്‍ ചാടിയപ്പോള്‍ ബൈക്ക് പെട്ടെന്ന് വേഗതകുറച്ചതാണ് അപകടതിനിടയാക്കിയതെന്ന് പറയുന്നു.
മൂന്നാഴ്ച മുന്‍പാണ് തൊമ്മാന,വല്ലക്കുന്ന്,ആളൂര്‍ ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് റീ ടാറിംഗ് നടത്തിയത്.നിലവിലുള്ള ടാറിംഗിന്റെ മുകളിലൂടെ മെറ്റല്‍ വിരിച്ചായിരുന്നു റീ ടാറിംഗ് .എന്നാല്‍ റോഡിന് അടിഭാഗത്ത് കൂടി ചെറിയ കാനകള്‍ ഉള്ള ഭാഗത്ത് ടാറിംഗ് ഉയരം കൂടുതല്‍ വരുമെന്നതിനാല്‍ ആ ഭാഗത്ത് ടാറിംഗ് നടത്താതെ ഒഴിവാക്കിയിരുന്നു.പിന്നീട് കാനയ്ക്ക് മുകളിലുള്ള സ്ലാബ് അറ്റകുറ്റപ്പണി നടത്തി ഉയരം കുറച്ച ശേഷം റോഡിലെ ടാറിംഗ് ഒരേ ഉയരത്തിലാക്കാന്‍ തല്‍ക്കാലം ടാറിംഗ് ഒഴിവാക്കുകയാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.പത്ത് മീറ്ററോളം ദൂരം ഇതിനായി ടാറിംഗ് ഒഴിവാക്കിയിരുന്നു.എന്നാല്‍ നിലവിടെ ടാറിംഗ് അവസാനിപ്പിച്ച ഭാഗത്ത് ഒഴിവാക്കിയിട്ട പഴയറോഡുമായി വലിയ ഉയരവ്യത്യാസമുണ്ട്.നേരെയുള്ള റോഡിലൂടെ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഇടയ്ക്ക് റോഡിലെ ഉയരവ്യത്യാസം ശ്രദ്ധയില്‍പെടാത്തതാണ് അപകടത്തിനിടയാക്കുന്നത്.ഈ ഭാഗത്ത് പെട്ടെന്ന് കുഴിയില്‍ ചാടുമ്പോള്‍ വേഗത കുറയ്ക്കുമ്പോള്‍ പിന്നിലൂടെ വരുന്ന വാഹനങ്ങള്‍ ഇടിച്ചാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്.മൂന്നാഴ്ച്ചക്കുള്ളില്‍ മൂന്ന് അപകടങ്ങളാണ് ഇവിടെയുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു.സംസ്ഥാന പാതയില്‍ കല്ലേറ്റുംകര മുസ്ലീം പള്ളിക്ക് സമീപവും ഇത്തരത്തില്‍ ടാറിംഗ് ഒഴിവാക്കി ഇട്ടിരിയ്ക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി യാത്രക്കാര്‍ ആരോപിച്ചു.റോഡിലെ അറ്റകുറ്റപ്പണികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കി വാഹനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here