ഹാഷ് ടാഗ് കാംപെയ്‌നുകളും പ്രതീകാത്മക സമരങ്ങളുമല്ല, പെണ്ണിന്റെ ജീവിതത്തില്‍ രണ്ടായിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു വനിതാ കലാലയം ചെയ്യേണ്ടത് എന്തെന്ന് ചെയ്തു കാണിച്ചു കൊടുത്തു ഒരു കോളേജ്. പതിന്നാലു ദിവസം കൊണ്ട് പൂര്‍ണ്ണമായും മണ്ണിലലിയുന്ന ഒരു സാനിറ്ററി നാപ്കിന്‍. ഫെമെല്ല എന്ന് പേരിട്ട ബയോ ഡിഗ്രെഡബിള്‍ പ്ലാസ്റ്റിക് ഫ്രീ സാനിറ്ററി നാപ്കിന്‍ എന്ന ആശയവും പ്രയോഗികതയും ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ CDRL എന്ന കമ്മ്യുണിക്കബിള്‍ ഡിസീസസ് റിസര്‍ച് ലബോറട്ടറിയാണ് നടപ്പിലാക്കിയത്.കേവലം രണ്ടു രൂപ മാത്രമാണ് ഇതിനു വരുന്ന നിര്‍മ്മാണച്ചെലവ്. ഇതിന്റെ ഡയറക്ടറായ ഡോ. ഇ.എം അനീഷ് എന്ന അദ്ധ്യാപകനാണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. അനീഷിനു കീഴില്‍ നാഷണല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ. ഷാരല്‍ റിബെല്ലോ, സയന്റിഫിക് ഓഫീസര്‍ ശ്രീദേവ് പുത്തൂര്‍, ഗവേഷകരായ അനൂപ് കുമാര്‍ എ എന്‍, കാവ്യ, എല്‍സ തുടങ്ങിയവരും ഈ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചിരുന്നു.

കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രൊഫ. ആര്‍ ബിന്ദു ലോഞ്ചിങ് നടത്തി. പ്രിന്‍സിപ്പല്‍ ഡോ. സി. ഇസബെല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അദ്ധ്യാപകരായ അഞ്ചു ആന്റണി, ഡോ. ബിനു, ഡോ. ഇ. എം. അനീഷ്, ഡോ. ഷാരല്‍ റിബെല്ലോ എന്നിവരും വിദ്യാര്‍ത്ഥി പ്രതിനിധി പാര്‍വതി അരുള്‍ ജോഷി എന്നിവരും സംസാരിച്ചു. ഒരു വനിതാകലാലയം മുന്നോട്ടു വെച്ച ഈ ചുവടുവെയ്പ് ചരിത്രത്തിലെ തന്നെ സാമൂഹികമായ ഒരിടപെടല്‍ ആണെന്ന് മുന്‍ തൃശൂര്‍ മേയറും കേരളവര്‍മ്മ കോളേജ് അദ്ധ്യാപികയും സെന്റ് ജോസഫ്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൂടിയായ പ്രൊഫ. ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here