അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്നതാണ് യഥാര്‍ഥ ദൈവാരാധന: പ്രൊഫ.പി.ജെ.കുര്യന്‍

448
പുല്ലൂര്‍: അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതാണ് യഥാര്‍ഥ ദൈവാരാധനയെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലഘട്ടത്തില്‍ പള്ളികള്‍ക്കൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ചത് ഈ അജ്ഞതയെ നീക്കാനാണ്. ദാരിദ്രത്തിന്റെയും രോഗത്തിന്റെ നിരാശയുടെയും അവസ്ഥകളില്‍ നിന്നും മനുഷ്യനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതും ഇത്തരത്തിലുള്ള ദൈവാരാധനയാണ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിലും വിവിധ തരത്തിലുള്ള ആക്രമണങ്ങളുടെ കാര്യത്തിലും കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയുടെ പക്ഷത്തു നില്‍ക്കാനും മതാത്മകതയില്‍ നിന്നും യഥാര്‍ത്ഥ ആത്മീയതയിലേക്ക് സമൂഹത്തെ നയിക്കാനും സഭയക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍, ഡി ഡി പി സഭ ഡെലിഗേറ്റ് സുപ്പീരിയര്‍ മദര്‍ മേരി റാഫേല്‍, വികാരി ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത്, ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപിള്ളി, സെക്രട്ടറി മിനി വരിക്കശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാടന്‍ സ്മരണിക പ്രകാശനം ചെയ്തു. തുടര്‍ന്ന് 150 പേര്‍ ചേര്‍ന്നവതരിപ്പിച്ച ജൂബിലി ഗാനാലാപനവും തൃശൂര്‍ ചേതനയുടെ സംഗീത നൃത്ത വിരുന്നും ഉണ്ടായിരുന്നു.
Advertisement