സാന്ത്വനസദന് 15-ാം പിറന്നാള്‍

401

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗമായ സാന്ത്വനഭവന്‍ 15-ാം വയസ്സിന്റെ നിറവില്‍. 2002 ഡിസംബറില്‍ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ് പഴയാറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ചതും, മാനസ്സിക വൈകല്യമുള്ളതുമായ യുവതികളുടെ ആശ്വാസ കേന്ദ്രമാണ്. 50 അന്തേവാസികള്‍ക്ക് അഭയം നല്‍കാന്‍ കഴിയും വിധത്തിലാണ് സാന്ത്വന സദന്‍ വിഭാവനം ചെയ്തിട്ടുള്ളത്. മാര്‍ പോളി കണ്ണൂക്കാടന്റെ വിശുദ്ധബലിയര്‍പ്പണത്തോടെ സാന്ത്വന സദന്റെ 15-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വൈകീട്ട് 5 മണിക്ക് വി.കുര്‍ബ്ബാനയും തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സെക്രട്ടറി സി.ബിന്‍സി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സാന്ത്വന സദന്‍ കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി സ്വാഗതവും, മുനി.കൗണ്‍സിലര്‍ അബ്ദുള്‍ ബഷീര്‍, സുപ്പീരിയര്‍ ഷ്വേണ്‍സ്റ്റാട്ട് കോണ്‍വെന്റ് സി.ജോസി, ഭരണസമിതി അംഗം ഡോ.എം.വി. വാറുണ്ണി, അസ്.വികാരി ഫാ. അജോ പുളിക്കന്‍ എന്നിവര്‍ ആശംസകളും, ട്രസ്റ്റി റോബി കാളിയങ്കര നന്ദിയും അര്‍പ്പിച്ചു സംസാരിക്കും.

Advertisement