ആഗസ്റ്റ് 6 മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എസ്.കെ പൊറ്റക്കാടിന്റെ 36-ാം ചരമവാര്‍ഷികദിനമായിരുന്നു. മലയാളിക്ക് അന്നേവരെ അന്യമായിരുന്ന സഞ്ചാരസാഹിത്യത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ പകര്‍ന്നു നല്‍കി അനുഭവത്തിന്റെ ആഴക്കടല്‍ സൃഷ്ടിച്ചു എന്നത് വായനക്കാര്‍ എക്കാലവും ഓര്‍മ്മിക്കും. സ്വര്‍ണ്ണത്തിന് സുഗന്ധം പോലെ പ്രതിഭാശാലിയായ എഴുത്തുകാരന്റെ ഭാവന പൂത്തുവിടരുന്നത് ഒരു സഞ്ചാരിയുടെ അനുഭവകഥനത്തില്‍ക്കൂടിയാകുമ്പോള്‍ ആനന്ദലബ്ധിക്കിനിയെന്തു വേണമെന്ന്? അനുവാചകര്‍ അറിയാതെ ആരാഞ്ഞു പോകും. യാത്രക്കാര്‍ എല്ലായ്പ്പോഴും അനുഭൂതിയുടെ മാതാക്കളാണ്. സാംസ്‌ക്കാരിക സവിശേഷതകളും വ്യത്യസ്ഥ ജനതയും എഴുത്തുകാരനില്‍ എത്രമാത്രം സ്വാധീനംചെലുത്തുന്നുണ്ടെന്നറിയണമെങ്കില്‍ എസ്.കെയുടെ സഞ്ചാരസാഹിത്യത്തിലൂടെ ഒന്നൂളിയിട്ടാല്‍ മാത്രംമതി. വായനക്കാരെ ഒപ്പംകൂട്ടി ‘പാതിരാസൂര്യന്റെ നാട്ടിലൂടെയും’ ‘കാപ്പിരികളുടെ നാട്ടിലൂടെയും’ നൈല്‍ഭൂവിഭാഗങ്ങളിലൂടെയും മറ്റും അദ്ദേഹം നടത്തിയ ഐതിഹാസിക സഞ്ചാരങ്ങളെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ അപര്യാപ്തമാണ്. ഇന്നത്തെപ്പോലെ സൗകര്യമില്ലാതിരുന്ന അക്കാലത്ത് എന്തും സംഭവിക്കാമെന്ന സ്ഥിതിവിശേഷങ്ങളെ പറ്റി ധൈര്യത്തോടെ അഭിമുഖീകരിച്ച രംഗങ്ങളെല്ലാം വായനക്കാരെ അത്ഭുതസ്തബ്ദനാക്കും.എഴുത്തുകാരന്‍ ദന്തഗോപുരവാസിമാത്രമാകരുതെന്നും പാവപ്പെട്ടവന്റെ മോഹഭംഗങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണമെന്നദ്ദേഹം എല്ലാപ്പോഴും വാദിച്ചു. കോഴിക്കോടിന്റെ അതിരാണിപ്പാടത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നു. ഒരു തെരുവിന്റെ കഥക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡും ‘ഒരു ദേശത്തിന്റെ കഥക്ക്’ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ജ്ഞാനപീഠ പുരസ്‌ക്കാര ജേതാവുമായി. പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന് എസ്. കെ പൊറ്റക്കാട് നല്‍കിയ സംഭാവന നിസ്സീമമാണ്. ദേശദേശാന്തരങ്ങളിലൂടെ സുദീര്‍ഘമായ അര്‍ത്ഥവത്തായ യാത്രകള്‍ അദ്ദേഹത്തിലെ മനുഷ്യസ്നേഹത്തെ ഊതിക്കാച്ചിയ പൊന്നുപോലെയാക്കി മാറ്റി. ‘ എന്റെ വഴിയമ്പലങ്ങള്‍ എന്ന ശ്രദ്ധേയമായ കൃതിയിലൂടെ ഇരിങ്ങാലക്കുടയേയും വിശിഷ്യ കിഴുത്താനി എന്ന എന്റെ കൊച്ചു ഗ്രാമത്തേയും അനശ്വരമാക്കി. ബാലിദ്വീപിലെത്തിയപ്പോഴും പശുക്കിടാവിന്റെ പിന്നാലെ ഓടുന്ന കല്യാണിക്കുട്ടിയിലൂടെ മലയാളിത്തം മണക്കാനാണദ്ദേഹം തയ്യാറായത്. ഈ ആത്മാര്‍ത്ഥമായ ദേശസ്നേഹം മലയാളിമറന്നുപോവുകയാണെന്ന് തോന്നുന്നു. അഥവാ ആത്മാര്‍ത്ഥതയുടെ അടരുകള്‍ എഴുത്തുകാരന് ആവശ്യമില്ലെന്ന വികാരമാണോ എന്നും അറിഞ്ഞുകൂട.എസ്.കെ പൊറ്റക്കാടുമായി ഈ എഴുതുന്ന ആളിന്റെ ആത്മബന്ധം വെളിവാക്കികൊണ്ട് ഈ വിചിന്തനം അവസാനിപ്പിക്കണം. 1976ല്‍ വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് കേരളസാഹിത്യ അക്കാദമി കോഴിക്കോട് വെച്ചു നടത്തിയ യുവസാഹിത്യശാല ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. നമ്മുടെ എസ്.കെ യായിരുന്നു ക്യാമ്പ് കണ്‍വീനര്‍. ഇതില്‍ സന്തോഷിക്കാനെന്താണുള്ളത്. ജനുവരി 28,29,30 ദിവസലങ്ങളിലെ രാപ്പകലുകള്‍, അതിലൂടെ സ്വായത്തമാക്കിയ സാഹിത്യാനുഭവങ്ങള്‍, ജീവിതത്തിലെ ഏറ്റവും വിലപിടിച്ച സമ്പാദ്യമായി കാണുകയാണ് ഒപ്പം അനശ്വരനായ എസ്. കെ യുടെ സ്നേഹസമ്പന്നമായ സഹവാസവും.

ഉണ്ണികൃഷ്ണന്‍ കിഴുത്താണി

LEAVE A REPLY

Please enter your comment!
Please enter your name here