ഇരിങ്ങാലക്കുട: ഈഡിസ്, അനോഫിലസ്, ക്യൂലക്‌സ്, ആര്‍മിജെറ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന രോഗവാഹക കൊതുകുകളുടെ ജനിതക പരിണാമവും അവകളുടെ രോഗവാഹക കഴിവുകളെയും കുറിച്ചുള്ള ഗവേഷണം ശ്രദ്ധേയമാവുന്നു.വയനാട്, നെല്ലിയാമ്പതി വനമേഖലകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പഠന ഫലങ്ങളാണ് ജര്‍മ്മനിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര റിസര്‍ച്ച് ജേണലായ ‘ബയോളജിയ’യില്‍ പ്രസിദ്ധീകരിച്ചത്.രോഗവാഹക കൊതുകുകളുടെ പരിണാമവും അവയുടെ ജനിതക വ്യതിയാനങ്ങളും നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തിയ ഈ ഗവേഷണം കൊതുകജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ മുതല്‍കൂട്ടാകും.ജന്തുശാസ്ത്രവിഭാഗം, കമ്മ്യൂണിക്കബിള്‍ ഡിസീസ് റിസര്‍ച്ച് ലബോറട്ടറി ഡയറക്ടര്‍ ഡോ. ഇ. എം. അനീഷിന് യു. ജി. സി റിസര്‍ച്ച് അവാര്‍ഡില്‍ ലഭിച്ച ഗവേഷണ ധനസഹായത്തോടെ ആണ് ഈ പഠനം നടത്തിയത്.രണ്ട് വ്യത്യസ്ത ആവാസവ്യവസ്ഥകള്‍ കൂടിചേരുന്ന ഇക്കോടോണ്‍ പ്രദേശങ്ങളില്‍ പരസ്പര സാമ്യമുള്ള രണ്ട് സ്പീഷിസുകള്‍ കൂടിച്ചേര്‍ന്ന് പുതിയൊരു സബ് സ്പീഷിസ് ഉണ്ടാകുന്നതിനുള്ള സാധ്യത കൂടി ഈ പഠനം ചൂണ്ടി കാണിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന പുതിയതരം കൊതുകുകള്‍ക്ക് മുന്‍തലമുറയേക്കാള്‍ പ്രതിരോധശേഷി കൂടുന്നത് കൊണ്ട് താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളെ അതിജീവിക്കാനും രോഗസംക്രമണത്തിന്റെ തീവ്രത കൂട്ടാനും സാധിക്കും .

വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന കൊതുകുകളാണ് മറ്റു കൊതുകുകളേകാള്‍ കൊതുക് ജന്യരോഗങ്ങള്‍ പരത്തുന്നതെന്ന് ഈ പഠനം വ്യക്തമാക്കുന്നു.ഗവേഷകരായ അനൂപ് കുമാര്‍ എ. എന്‍., ശ്രീദേവ് പുതൂര്‍, ഡോ. ഷാരല്‍ റിബല്ലോ ഡോ. അനീഷ് ഇ. എം എന്നിവരടങ്ങുന്ന സംഘമാണ് ഈ ഗവേഷണത്തിന് പിന്നില്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here